എയർ കണ്ടിഷണർ ഓഫായാലും മുറികളിലെ വായുസഞ്ചാരം നിലനിർത്താൻ സഹായിക്കുന്ന കണ്ടുപിടിത്തത്തിനു പേറ്റന്റ് നേടി കോഴിക്കോട് പാലാഴി ഇരിങ്ങല്ലൂരിലെ ഫിസിഷ്യൻ ഡോ. ടി.എൻ.രാജേഷ് (52). എസി ഉപയോഗിക്കുന്ന മുറിയിലെ വെന്റിലേറ്ററുകൾ പൂർണമായി അടയ്ക്കുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്തയാണു കണ്ടുപിടിത്തത്തിലേക്ക് എത്തിയത്.
വെന്റിലേറ്ററുകൾ പൂർണമായും അടയ്ക്കുമ്പോൾ, മുറിക്കു പുറത്തു തണുപ്പു പടർന്നാലും അതിന്റെ ഗുണം മുറിയിൽ ലഭിക്കാറില്ല. സ്വാഭാവിക വായുസഞ്ചാരം നിലച്ച് മുറിയിലെ വായു മലിനമാകുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
എസി പ്രവർത്തിക്കുന്ന സമയം മാത്രം വെന്റിലേറ്ററുകൾ അടയുകയും എസിയുടെ പ്രവർത്തനം നിലയ്ക്കുമ്പോൾ സ്വമേധയാ തുറക്കുകയും ചെയ്യുന്നതാണു കണ്ടുപിടിത്തം.
സമയം സജ്ജീകരിക്കുന്നതിനാൽ ആവശ്യാനുസരണം വെന്റിലേറ്റർ തുറക്കും അതേസമയം എസി ഓഫാകുകയും ഫാൻ പ്രവർത്തിക്കുകയും ചെയ്യും. ഈ പ്രവർത്തനങ്ങളാൽ മുറിയിലെ ചൂട് കുറയുന്നതിനാൽ പിന്നീട് എസി ഓൺ ചെയ്യേണ്ടിവരില്ല. ഇതു വൈദ്യുതി ഉപയോഗം കുറയ്ക്കും.
ഉപകരണം വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കാനുള്ള തയാറെടുപ്പുകളുമായി മുന്നോട്ടു പോവുകയാണ് ഇദ്ദേഹം. തിരുവനന്തപുരത്തെ ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ് ഇൻഫർമേഷൻ സെന്ററിന്റെ സഹായത്തോടെയാണു പേറ്റന്റ് നേടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. പാലാഴിയിൽ സ്വന്തമായി ക്ലിനിക് നടത്തുകയാണ് ഡോ. രാജേഷ്. ഭാര്യ: ഡോ. രശ്മി ജി.നായർ. മക്കൾ: ഡോ. പത്മനാഭൻ, പാർവതി.