ദില്ലി: നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ബെഷ്റം രംഗ് എന്ന ഗാനം പുറത്തിറങ്ങിയത്. ഇതിൽ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തുകയും ആയിരുന്നു. പിന്നാലെ മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. ഇപ്പോൾ വിഷയം പാർലമെന്റിലും എത്തിയിരിക്കുകയാണ്.
ബിഎസ്പി അംഗം ഡാനിഷ് അലിയാണ് പഠാൻ വിവാദം പാർലമെന്റിൽ ഉയർത്തിയത്. സിനിമ നിരോധിക്കണമെന്ന ആവശ്യം ദൗർഭാഗ്യകരമെന്ന് ബിഎസ്പി എംപി ഡാനിഷ് അലി പറഞ്ഞു. നിറങ്ങള്‍ ഒരു മതത്തിനും ഭീഷണിയാകില്ലെന്നും ഫിഫ ലോകകപ്പ് ട്രോഫി ദീപിക പദുക്കോൺ അനാച്ഛാദനം ചെയ്തത് അഭിമാനകരം ആണെന്ന് ലോക്സഭയിൽ വിഷയം ഉയർത്തി ഡാനിഷ് അലി പറഞ്ഞു. സിനിമ വിലക്കണമെന്ന ആവശ്യം ഖേദകരം ആണ്. സിനിമയ്ക്ക് റിലീസ് അനുമതി നൽകാൻ സെൻസർ ബോർഡിന് സർക്കാർ നിർദ്ദേശം നൽകണമെന്നും ഡാനിഷ് അലി ആവശ്യപ്പെട്ടു.