വിദേശത്ത് നിന്നും ജില്ലയിലെത്തിയവര്‍ക്ക് നിര്‍ദ്ദേശം നല്‍കി കളക്ടര്‍

പത്തനംതിട്ട: സംസ്ഥാനത്തെ നിലവിലെ സാഹചര്യത്തില്‍ വിദേശത്തു നിന്നു ജില്ലയിലെത്തുന്നവര്‍ക്ക് മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടര്‍. വിദേശത്തു നിന്നു വരുന്നവര്‍ നിര്‍ബന്ധമായും ഹോം ക്വാറന്റൈനില്‍ കഴിയണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് പലരും ഇത് അനുസരിക്കാതിരിക്കുന്നു. അത്തരകാര്‍ക്ക് നിര്‍ദേശവുമായാണ് കളക്ടറെത്തിയത്.

‘ഇന്നലെ പത്തനംതിട്ടയില്‍ അടൂരും ആറന്‍മുളയിലുമുള്ള രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ജില്ലയില്‍ 12 കേസുകളാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ വന്നത് നെഗറ്റീവ് റിപ്പോര്‍ട്ടായതിനാല്‍ ഇവിടെ സുരക്ഷിതമാണെന്ന ചിന്ത ചിലര്‍ക്കുണ്ട്. എന്നാല്‍ ഇത് തെറ്റായ ഒരു ധാരണയാണെന്ന് പി. ബി നൂഹ് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

‘ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച അടൂരിലെ 45 വയസ്സുള്ള വ്യക്തി ദുബായില്‍ നിന്ന് വന്നതാണ്. ഇയാള്‍ ദുബായില്‍ നിന്നെത്തിയിട്ട് വീട്ടില്‍ ഇരിക്കാതെ കറങ്ങി നടക്കുന്നു എന്ന വ്യാപകമായ പരാതി കിട്ടിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ സാംപിള്‍ പരിശോധനയ്‌ക്കെടുത്തതും ക്വാറന്റൈന്‍ ചെയ്യാനുള്ള നടപടികളുമായി മുന്നോട്ടു പോയതും.

പരിശോധനയ്ക്കായി എടുക്കുമ്പോള്‍ യാതൊരു രോഗലക്ഷണവും ഇല്ലായിരുന്നെന്നാണ് ഡോക്ടര്‍ അറിയിച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ അത് പോസിറ്റീവായി. ഇതിനര്‍ഥം ലക്ഷണമില്ലാത്ത ആളും കൊവിഡ് പോസിറ്റീവ് ആകാം എന്നാണെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെയാള്‍ യുകെയില്‍ നിന്ന് അബുദാബി വഴി കൊച്ചിയിലാണു വന്നത്. പക്ഷേ ഇവരില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ വളരെ പരിമിതമാണ്. ഈ വിവരങ്ങളെ മാത്രം വിശ്വസിച്ച് ഇരിക്കാനാകില്ല. ജില്ലയില്‍ 7361 പേര്‍ ക്വാറന്റൈനില്‍ കഴിയേണ്ടവരായുണ്ട്. ഇതില്‍ ആരു വേണമെങ്കിലും പോസിറ്റീവാകാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top