കുട്ടിനേതാക്കളുടെ വിദേശയാത്ര: പദ്ധതികള്‍ക്ക്‌ മുന്‍ഗണനാക്രമം നിശ്ചയിക്കണം:കാനം

പത്തനംതിട്ട: കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ ലണ്ടനിലേക്ക് അയയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സാമ്പത്തിക പ്രതിസന്ധിയുള്ള സമയത്ത് പദ്ധതികള്‍ക്ക്‌ മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്ന് പത്തനംതിട്ടയില്‍ നടന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. യൂണിയന്‍ നേതാക്കളായ എഴുപത് വിദ്യാര്‍ത്ഥികളെയാണ് ലണ്ടനില്‍ പരിശീനത്തിനയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

മന്ത്രിമാരുടെ വിദേശയാത്ര വിവാദത്തിനിടെയാണ് കോടികള്‍ മുടക്കി കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേയ്ക്കയക്കുന്നത്. സംസ്ഥാനത്ത് കോളേജ് യൂണിയന്‍ ചെയര്‍മാന്‍മാരെ വിദേശത്തേക്ക് പരിശീലനത്തിന് അയക്കുന്നത് ഇതാദ്യമായാണ്. കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ പരിശീലനത്തിനായി ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് ചെയര്‍മാന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഉത്തരവിറക്കി.

പാസ്‌പോര്‍ട്ട് വിവരം അടക്കം നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ലെയര്‍ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇന്‍ഡെക്ഷന്‍ പരിശീലനമെന്ന നിലയ്ക്കാണ് വിദേശയാത്ര. നിലവില്‍ സര്‍ക്കാര്‍ കോളേജ് ചെയര്‍മാന്‍മാരില്‍ ബഹുഭൂരിപക്ഷവും എസ്എഫ്‌ഐ നേതാക്കള്‍ എന്നതാണ് മറ്റൊരു പ്രത്യേകത. ചുരുക്കി പറഞ്ഞാല്‍ എസ്ഫ്‌ഐ നേതാക്കള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഒരു ലണ്ടന്‍യാത്ര.

Top