പത്തനംതിട്ട പഴയ പത്തനംതിട്ട അല്ലെന്നും എല്‍ഡിഎഫ് അനായാസമായി ജയിക്കും: തോമസ് ഐസക്

പത്തനംതിട്ട: ലോക്‌സഭാ സ്ഥാനാര്‍ത്ഥി പരിവേഷത്തില്‍ പത്തനംതിട്ടയില്‍ കളംനിറഞ്ഞ് മുന്‍മന്ത്രി തോമസ് ഐസക്..തിരുവല്ലയില്‍ നടത്തിയ ആഗോള പ്രവാസി സംഗമത്തിന്റെ തുടര്‍ച്ചയായി യുവാക്കളെ ലക്ഷ്യമിട്ടുള്ള തൊഴില്‍ മേളയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനവുമൊക്കയായി അദ്ദേഹം കൂടുതല്‍ സജീവമാകുകയാണ്.പത്തനംതിട്ട പഴയ പത്തനംതിട്ട അല്ലെന്നും എല്‍ഡിഎഫ് അനായാസമായി ജയിക്കുമെന്നും ഐസക് പറഞ്ഞു.

പ്രവാസി സഹായത്തോടെ കുടുംബശ്രീയുടെ ഹോം ഷോപ്പി, പാലിയേറ്റീവ് മേഖലയില്‍ കെ.- ഫോര്‍- കെയര്‍ പദ്ധതി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഐസക്കിന്റെ കളമൊരുക്കം ഇങ്ങനെയൊക്കയാണ്. പാര്‍ട്ടി പറഞ്ഞാല്‍ എവിടെയും മത്സരിക്കാന്‍ തയ്യാറെന്നും ഐസക് ആവര്‍ത്തിക്കുന്നു..കോണ്‍ക്ലേവ് സംഘാടനത്തിന് എന്ന പേരില്‍ ഐസക് തിരുവല്ലയില്‍ താമസമാക്കിയിരുന്നു. ജില്ലയിലെ മുതിര്‍ന്ന സിപിഎം നേതാക്കളും നിഴല്‍പോലെ കൂടെയുണ്ട്. പത്തനംതിട്ട ജില്ലയിലെ അഞ്ചും കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളും ഇടതുമുന്നണിയുടെ കയ്യിലാണ്. ഇത് പത്തനംതിട്ട പാര്‍ലമെന്റ് സീറ്റില്‍ അട്ടിമറി ജയം സമ്മാനിക്കുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍.

മൈഗ്രേഷന്‍ കോണ്‍ക്ലേവ് എന്ന പ്രവാസി സംഗമത്തിലൂടെ തിരുവല്ലയില്‍ തോമസ് ഐസക് ലാന്‍ഡ് ചെയ്തു. പിന്നാലെ മറ്റ് നിയോജക മണ്ഡലങ്ങളിലേക്ക് ചുവടുമാറ്റത്തിനാണ് കോണ്‍ക്ലേവിന്റെ തുടര്‍ച്ചയെന്ന പേരില്‍ പരിപാടികള്‍. സ്വകാര്യ സ്ഥാപനങ്ങുളുമായി ചേര്‍ന്ന് 48,000 യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. മൈഗ്രേഷന്‍ കോണ്‍ക്ലേവിന്റെ വെബ്‌സൈറ്റ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.തീര്‍ന്നില്ല, ആലപ്പുഴയില്‍ എംഎല്‍എ ആയിരുന്ന കാലത്ത് ഐസക് നടപ്പാക്കിയ ജനകീയ പരിപാടികള്‍ പുതിയ രൂപത്തില്‍ പത്തനംതിട്ടയിലും അവതരിപ്പിക്കുന്നു.

Top