റാന്നിയിലെ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തറക്കി ജില്ലാ ഭരണകൂടം

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ കൊറോണ ബാധിതരായ റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. രോഗം സ്ഥിരീകരിച്ച ആദ്യത്തെ അഞ്ചു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ് റൂട്ട് മാപ്പിലുള്ളത്.

ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണം. അതേസമയം, പത്തനംതിട്ടയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ നീക്കങ്ങള്‍ പൊലീസ് പരിശോധിക്കും. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങുകയോ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്നു ജില്ലാഭരണകൂടത്തിന്റെ താക്കീതുമുണ്ട്.

ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള രണ്ടുപേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ സ്രവം പരിശോധനയ്ക്കയച്ചതില്‍, ആറു പേരുടെ പരിശോധനാഫലം കൂടി വരാനുണ്ട്. കൂടുതല്‍ പേരെ ഐസലേഷന്‍ വാര്‍ഡിലേയ്ക്കു മാറ്റും. വീട്ടില്‍ നിരീക്ഷണത്തിലുള്ള ചിലരില്‍ രോഗലക്ഷണം കണ്ടതിന്റെ അടിസ്ഥാനത്തില്‍ ആണിത്. എല്ലാവരുടെയും സഹകരണം വേണമെന്നും നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നുമാണു ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം. ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 773 പേരാണ്.

ആരോഗ്യ വകുപ്പിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്…

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച എഴു വ്യക്തികള്‍ 2020 ഫെബ്രുവരി 29 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാര്‍ച്ച് 6 വരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍, അവിടെ അവര്‍ ചിലവഴിച്ച സമയം എന്നീ കാര്യങ്ങളാണ് ഈ ഫ്ളോ ചാര്‍ട്ടിലൂടെ പ്രസിദ്ധീകരിക്കുന്നത്. നിശ്ചിത തീയതിയില്‍ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യ വിഭാഗത്തിന്റെ സ്‌കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ഫ്‌ലോ ചാര്‍ട്ടുകള്‍ പ്രസിദ്ധപ്പെടുത്തുന്നത്. അവര്‍ക്ക് ബന്ധപ്പെടുവാന്‍ 9188297118, 9188294118 എന്നീ നമ്പറുകളും നല്‍കുന്നു. ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യ വിഭാഗം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചു കാണും. ചില ആളുകളെങ്കിലും നിര്‍ഭാഗ്യവശാല്‍ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ഥിക്കുന്നത്. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
പേഷ്യന്റ് കോഡ്: പി 1 ക്ലസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ആദ്യ അഞ്ചുപേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്(രണ്ടു പേജ്). പേഷ്യന്റ് കോഡ്: പി 2 ക്ലസ്റ്ററില്‍ ഉള്‍പ്പെട്ടത് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മാര്‍ച്ച് 10ന് രോഗം സ്ഥിരീകരിച്ച രണ്ടു പേര്‍ സഞ്ചരിച്ച തീയതിയും സ്ഥലങ്ങളുമാണ്.

Top