പത്തനംതിട്ട: പുല്‍വാമ പരാമര്‍ശത്തില്‍ വിശദീകരണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി. പാകിസ്ഥാന് ആക്രമണത്തില്‍ പങ്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നാണ് ആന്റോയുടെ ഇന്നത്തെ വിശദീകരണം. എന്നാല്‍ പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് എതിരാളികള്‍.
പുല്‍വാമയില്‍ പാകിസ്ഥാന് എന്ത് പങ്കെന്ന് ഇന്നലത്തെ ചോദ്യം വന്‍ വിവാദമായതോടെ ആന്റോ ആന്റണി തിരുത്തി. പരാമര്‍ശം ദേശീയതലത്തില്‍ ബിജെപി ചര്‍ച്ചയാക്കി. സിപിഎമ്മും കൂടി കളത്തിലേക്ക് എത്തുമെന്ന് കണ്ടാണ് ആന്റോയുടെ തിരുത്ത്. കശ്മീര്‍ ഗവര്‍ണ്ണറായിരുന്ന സത്യപാല്‍ മാലികിന്റെ വാക്കുകള്‍ ആവര്‍ത്തിക്കുക മാത്രമാണ് ചെയ്‌തെന്ന് വിശദീകരണം. ആന്റോ ആന്റണിക്കെതിരെ ഇടത് സ്ഥാനാര്‍ത്ഥി തോമസ് ഐസക് രംഗത്തെത്തി. ദേശീയ രാഷ്ട്രീയം പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്താകുമെന്ന് കൂടി തോമസ് ഐസക് പറഞ്ഞുവെയ്ക്കുന്നു.
ആന്റോ ആന്റണിയുടെ പുല്‍വാമ പരാമര്‍ശം കോണ്‍ഗ്രസിനെതിരെ ദേശീയതലത്തില്‍ ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ആന്റോ ആന്റണിയെ തള്ളി രംഗത്ത് വന്നെങ്കിലും രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുക്കണമെന്ന ബിജെപി നിലപാടിനെ പിന്തുണയ്ക്കാന്‍ ഇടതുപക്ഷമില്ല. കോണ്‍ഗ്രസ് – ബിജെപി നേര്‍ക്കുനേര്‍ ഏറ്റുമുട്ടലിലേക്ക് കളംമാറിയാല്‍ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ കാഴ്ചക്കാരാകേണ്ടിവരുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്.