ഡിവൈഎഫ്‌ഐ ചരിത്രത്തില്‍ ആദ്യമായി പത്തനംതിട്ട സംസ്ഥാന സമ്മേളന വേദിയാകുന്നു

പത്തനംതിട്ട: ഡിവൈഎഫ്‌ഐ ചരിത്രത്തില്‍ ആദ്യമായി സംസ്ഥാന സമ്മേളനത്തിനു പത്തനംതിട്ട വേദിയാകുന്നു. സമ്മേളന പ്രഖ്യാപനം വന്നതോടെ സംഘാടന തിരക്കിലാണു ഡിവൈഎഫ്‌ഐ നേതൃത്വം. ജില്ലയുടെ സാമൂഹിക തലങ്ങളില്‍ ഡിവൈഎഫ്‌ഐയുടെ സജീവ ഇടപെടലിനു ലഭിച്ച അംഗീകാരമാണു സമ്മേളനമെന്ന് ജില്ലാ പ്രസിഡന്റ് സംഗേഷ് ജി. നായരും സെക്രട്ടറി പി.ബി.സതീഷ്‌കുമാറും പറഞ്ഞു. 26നു വിപുലമായ സംഘാടക സമിതി ചേരും. സംസ്ഥാന സമ്മേളനം അവിസ്മരണീയമാക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായും ഭാരവാഹികള്‍ അറിയിച്ചു.

ഏപ്രില്‍ 27, 28, 29, 30 തീയതികളിലാണു സമ്മേളനം. സംഘാടക സമിതി രൂപീകരണ യോഗം 26ന് രാവിലെ 10.30ന് സെന്റ് സ്റ്റീഫന്‍സ് പാരീഷ് ഹാളില്‍ ദേശീയ പ്രസിഡന്റ് എ.എ.റഹീം ഉദ്ഘാടനം ചെയ്യും. 1980ല്‍ ദേശീയ സമ്മേളനത്തോടെയാണ് ഡിവൈഎഫ്‌ഐയുടെ രൂപീകരണം. 1982ല്‍ പത്തനംതിട്ട ജില്ല രൂപീകരിച്ചതു പിന്നാലെ 1983 മുതല്‍ സംഘടനയ്ക്കു ജില്ലാ കമ്മിറ്റിയുണ്ട്. എ. പത്മകുമാറായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആദ്യ പ്രസിഡന്റ്. കൊടുമണ്‍ പി.കെ.പ്രകാശ് ആദ്യ സെക്രട്ടറിയും. പുനഃസംഘടനയില്‍ പത്മകുമാര്‍ സെക്രട്ടറിയും ഓമല്ലൂര്‍ ശങ്കരന്‍ പ്രസിഡന്റുമായി. പിന്നീട് ദേവസ്വം ബോര്‍ഡ് അധ്യക്ഷനായും എംഎല്‍എ ആയും പത്മകുമാര്‍ തിളങ്ങിയപ്പോള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും സംഗീത വേദികളിലും ഓമല്ലൂര്‍ ശങ്കരന്‍ താരമായി. നിലവില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു. ജനീഷ്‌കുമാറാണ് നേതൃനിരയില്‍ ജില്ലയുടെ പ്രതിനിധി.

സംഘടനയുടെ ആദ്യ സംസ്ഥാന സമ്മേളനം തൊടുപുഴയിലായിരുന്നു. പിന്നീട് തിരുവനന്തപുരം, ആലുവ, എറണാകുളം, പാലക്കാട്, മഞ്ചേരി, കോട്ടയം, കാഞ്ഞങ്ങാട്, കൊല്ലം, കണ്ണൂര്‍, ആലപ്പുഴ, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും വേദിയൊരുങ്ങി. 15ാം സംസ്ഥാന സമ്മേളനമാണ് പത്തനംതിട്ടയിലേത്. ജില്ലയിലെ ഡിവൈഎഫ്‌ഐക്ക് ആകെ 1043 യൂണിറ്റുകളും 105 മേഖലാ കമ്മിറ്റികളും 11 ബ്ലോക്ക് കമ്മിറ്റികളുമുണ്ട്. 2 ലക്ഷം പേര്‍ അംഗങ്ങളാണെന്നു ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍, കലാസന്ധ്യകള്‍ തുടങ്ങിയ പരിപാടികള്‍ ഒരുങ്ങുന്നുണ്ട്. സമ്മേളനത്തോടെ പുതിയ സംസ്ഥാന നേതൃത്വം നിലവില്‍ വരും.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ 4 വര്‍ഷമായി വിതരണം ചെയ്യുന്ന ഉച്ച ഭക്ഷണ പദ്ധതിയാണു ജില്ലയിലെ ശ്രദ്ധേയ പദ്ധതി. കോവിഡ് പ്രതിസന്ധികളെ നേരിടാന്‍ 1 ലക്ഷം ഭക്ഷണ കിറ്റും കുട്ടികള്‍ക്കായി 50,000 മധുര കിറ്റും വിതരണം ചെയ്തു. കോവിഡ് ബാധിതരുടെ മൃതശരീരം സംസ്‌കരിക്കുന്നതിലും സമൂഹ അടുക്കളയിലും സംഘടനാംഗങ്ങള്‍ സജീവമായിരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 61,84,277 രൂപ സംഭാവന ചെയ്തു.

Top