കൊറോണ; ചികിത്സയിലിരിക്കെ കടന്നു കളഞ്ഞ യുവാവിനെതിരെ കേസെടുക്കുമെന്ന് കളക്ടര്‍

പത്തനംതിട്ട: കൊറോണ വൈറസ് ബാധ സംശയിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലിരിക്കെ ചാടിയ പോയ യുവാവിനെതിരെ കേസെടുക്കുമെന്ന് കളക്ടര്‍ പി.ബി. നൂഹ്. മാത്രമല്ല പതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റാന്നിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ വീണ്ടും ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡിന് പൊലീസ്‌ കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തേണ്ടിയിരുന്ന യുവാവാണ് ഇന്നലെ രാത്രി ആശുപത്രിയില്‍ നിന്ന് ചാടിപോയത്. വെച്ചൂച്ചിറ സ്വദേശിയായിരുന്ന ഇയാള്‍ ആശുപത്രി അധികൃതര്‍ അറിയാതെയാണ് മുങ്ങിയത്. കര്‍ശന നിരീക്ഷണത്തിലുള്ള വാര്‍ഡില്‍ നിന്നാണ് ഇയാള്‍ ചാടിപോയത്.

ഇറ്റലിയില്‍നിന്നും എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രി നിരീക്ഷണത്തിലാക്കിയത്. പരിശോധനയ്ക്കായി രക്തം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കാണാതായത്.

Top