പത്തനംതിട്ട: പത്തനംതിട്ടയിലെ 108 ആംബുലന്‍സ് ജീവനക്കാര്‍ സമരം ആരംഭിച്ചു. രണ്ടു മാസമായി ശമ്പളം മുടങ്ങിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ സംരംഭമായ 108 ആംബുലന്‍സിലെ ജീവനക്കാര്‍ സമരം ആരംഭിച്ചിരിക്കുന്നത്. ശമ്പളം ലഭിക്കാത്തതും കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ഭാഗത്ത് നിന്നുള്ള അവഗണനയുമാണ് സമരത്തിന് കാരണമെന്ന് ജീവനക്കാര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയില്‍ മാത്രം 15 ആംബുലന്‍സുകളിലായി 52 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.ഇതില്‍ 28 പേര്‍ നേഴ്‌സുമാരാണ്. 108 ആംബുലന്‍സിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന ജി.വി.കെ കമ്പനി തങ്ങളെ കബളിപ്പിക്കുകയാണെന്നും ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും സംബന്ധിച്ച് കമ്പനി ആധികൃതര്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കുന്നില്ലെന്നും ജീവനക്കാര്‍ ആരോപിച്ചു.
ഇതിനെ സംബന്ധിച്ച് ശമ്പളം ലഭിക്കുന്നില്ലെന്നു കാട്ടി ആരോഗ്യ വകുപ്പിനും കളക്ടര്‍ക്കും അടക്കം പരാതി നല്‍കിയിരുന്നു. ശമ്പളം ലഭിക്കാന്‍ ഇനിയും വൈകിയാല്‍ സര്‍വ്വീസ് പൂര്‍ണമായി നിര്‍ത്തിവെച്ച് സമരം ശക്തമാക്കാനാണ് ജീവനക്കാരുടെ തീരുമാനം.