Pathankot Mastermind Masood Azhar Is Missing, May Be In Afghanistan

ഇസ്ലാമാബാദ്: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിലുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിയെന്ന് ഇന്ത്യ സംശയിക്കുന്ന പാക് ഭീകരന്‍ മസൂദ് അസറിനെ കാണ്മാനില്ലെന്ന് ഇസ്ലാമാബാദിലെ ചില വൃത്തങ്ങള്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാനിലായിരിക്കാം ഇയാള്‍ ഒഴിവില്‍ കഴിയുന്നതെന്ന് സംശയിക്കുന്നതായും സൂചനയുണ്ട്. നിരോധിത ഭീകരസംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ തലവനായ അസറും അയാളുടെ ചില ബന്ധുക്കളുമാണ് ഏഴ് സൈനിക ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ ഉത്തരവാദിയെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ആക്രമണത്തോടെ വീണ്ടും ഇന്ത്യപാക് ബന്ധം വഷളായിരുന്നു.

എന്നാല്‍ പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് ആക്രമണവുമായി ബന്ധമുണ്ടെന്ന ആരോപണം പാകിസ്ഥാന്‍ നിഷേധിക്കുകയും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പൂര്‍ണസഹകരണമുണ്ടാകുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുകയും ചെയ്തിരുന്നു.

അസറും ബന്ധുക്കളും ഇസ്ലാമാബാദില്‍ കരുതല്‍ തടങ്കലിലാണെന്നും ജെയ്ഷസെമിനാരികളും ഓഫീസുകളും പരിശോധിക്കുകയും അടച്ചിടുകയും ചെയ്‌തെന്ന് പാകിസ്ഥാനില്‍ നിന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ 47കാരനായ അസറിനെ അറസ്റ്റുചെയ്തതായി ഒരു വിവരവും ഷെരീഫ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ചില ജെയ്ഷ പ്രവര്‍ത്തകര്‍ പിടിയിലായിട്ടുണ്ടെങ്കിലും അവരില്‍ അസര്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അയാളെ പിന്തുടരാന്‍ കഴിയുന്നില്ലെന്നും പാകിസ്ഥാനില്‍ നിന്നുണ്ടാകുന്ന സംഘര്‍ഷങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ പാക് സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പത്താന്‍കോട്ട് ആക്രമണത്തിനുശേഷം ഉടന്‍ തന്നെ അസറിനെ പിടികൂടാന്‍ കഴിയാഞ്ഞത് അയാള്‍ ഒളിവില്‍ പോയതിനാലാണെന്നും അദ്ദേഹം പറഞ്ഞു. അസര്‍ ജയിലില്‍ അല്ലെന്ന കാര്യം ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതിലൂടെ ഇന്ത്യ-പാക് ബന്ധത്തില്‍ അത് വിള്ളല്‍ വീഴ്ത്താനുള്ള സാധ്യതയുണ്ട്.

Top