ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമതാവളത്തിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനിലെ ഭീകരസംഘടനകള്‍ക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറി. ഭീകരാക്രമണത്തോടെ ഇന്ത്യ പാകിസ്താനുമായുള്ള നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് സുരക്ഷാ ഉപദേഷ്ടാവ് വഴി വിവരങ്ങള്‍ കൈമാറിയത്. ഇന്ത്യയോട് കഴിയാവുന്നത്ര സഹകരിക്കുമെന്ന നിലപാടിലാണ് പാകിസ്താന്‍. ഭീകരാക്രമണം അന്വേഷിച്ചു വരികയാണെന്ന് പാകിസ്താനും വ്യക്തമാക്കി.
പഠാന്‍കോട്ട് ഭീകരാക്രമണം നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന നിലവന്നതോടെയാണ് പാകിസ്താന്‍ നിലപാട് വ്യക്തമാക്കിയത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ നിരോധിച്ച ജെയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടനയാണെന്നാണ് ഇന്ത്യ വാദിക്കുന്നത്.
കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ സംഭവത്തേത്തുടര്‍ന്ന് വിട്ടയച്ച ഭീകരന്‍ മൗലാനാ മസൂദ് അസറിന്റെ നേതൃത്വത്തിലുള്ള ജെയ്‌ഷെ മുഹമ്മദിനെ 2002 ല്‍ പാകിസ്താന്‍ നിരോധിച്ചിരുന്നു. എന്നിട്ടും അസറിന്റെ പാകിസ്താനിലെ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ തുടരുന്നതില്‍ ഇന്ത്യ പലതവണ ആശങ്ക അറിയിച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവം അന്വേഷിച്ചുവരികയാണെന്നാണ് പാകിസ്താന്‍ വ്യക്തമാക്കിയത്. തീവ്രവാദം ഫലപ്രദമായി തടയാന്‍ പാകിസ്താന്‍ പ്രതിജ്ഞാബദ്ധമാണ്. ഇന്ത്യന്‍ സര്‍ക്കാരുമായി പാക് സര്‍ക്കാര്‍ ബന്ധപ്പെട്ട് വരികയാണെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാല്‍ ഏതൊക്കെ വിവരങ്ങളാണ് ഇന്ത്യ നല്‍കിയതെന്ന് അവര്‍ വ്യക്തമാക്കിയിട്ടില്ല.
പഠാന്‍കോട്ട് ഭീകരാക്രമണം ഇരു രാജ്യങ്ങളും തമ്മില്‍ നടക്കാനിരിക്കുന്ന സെക്രട്ടറി തല ചര്‍ച്ചയെ തകിടം മറിക്കാന്‍ പാടില്ലെന്നും വിദേശകാര്യമന്ത്രാലയം അഭിപ്രായപ്പെട്ടു. ഒരേ മേഖലയിലുള്ള ഒരേ ചരിത്രപശ്ചാത്തലമുള്ള രാജ്യങ്ങള്‍ സുസ്ഥിരമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ടെന്നും പാക് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഇന്ത്യയും പാകിസ്താനും തമ്മില്‍ സൗഹൃദം മെച്ചപ്പെടുന്ന സമയങ്ങളിലൊക്കെ ഭീകരാക്രമണങ്ങള്‍ ശക്തിപ്രാപിച്ച ചരിത്രമുണ്ട്. പാക് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി പാക് സൈന്യം നിലപാടെടുത്ത സംഭവവുമുണ്ടായിട്ടുണ്ട്. നവാസ് ഷെറീഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബന്ധം മെച്ചപ്പെട്ടു. എന്നാല്‍, പധാനമന്ത്രി നരേന്ദ്രമോദിയോട് നവാസ് ഷെരീഫ് കാണിക്കുന്ന അടുപ്പത്തില്‍ ഭീകരസംഘടനകള്‍ അസ്വസ്ഥരാണ്.