Pathankott attack; Malayali arrested in UP

ലക്‌നൗ :പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളി യുവാവ് പൊലീസ് കസ്റ്റഡിയില്‍. ഐബി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശ് പൊലീസ് നടത്തിയ റെയ്ഡിലാണ് മാനന്തവാടി സ്വദേശി പിലാക്കാവ് ദിനേശന്‍ പിടിയിലായത്.

ഇയാള്‍ ഇസ്ലാംമതം സ്വീകരിച്ച് റിയാസ്‌കുട്ടി എന്ന പേരിലാണ് ഉത്തര്‍പ്രദേശില്‍ അറിയപ്പെടുന്നത്. 13 വര്‍ഷത്തോളമായി ഇയാള്‍ അവിടെയാണ് താമസം. ഇയാളെക്കുറിച്ചുള്ളള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഉത്തര്‍പ്രദേശ് പൊലീസിന്റെ ഒരു ടീം ഇപ്പോള്‍ വയനാട്ടില്‍ പരിശോധന നടത്തിവരികയാണ്.

ഇയാളുടെ വീട്ടില്‍ അമ്മയും അനുജനും ഭാര്യുമാണ് ഇപ്പോള്‍ താമസം. മാനന്തവാടിയില്‍ നിന്നും ഒരു സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ ഒളിവില്‍ പോയത് എന്ന് സംശയിക്കുന്നു. ഈ കേസിന്റെ കാര്യങ്ങള്‍ രഹസ്യാന്വേഷണവിഭാഗം പരിശോധിച്ച് വരികയാണ്.

റെയ്ഡില്‍ ദിനേശനെ പിടികൂടുമ്പോള്‍ നാല് മാലി സ്വദേശികള്‍ ദിനേശന്റെ കൂടെ ഉണ്ടായിരുന്നുവെങ്കിലും പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു ശേഷം ഇവരെ മാത്രം വിട്ടയച്ചിട്ടുണ്ട്. ദിനേശനെ ഇപ്പോഴും പൊലീസ് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

Top