രാജസ്ഥാന്‍: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ചിത്രം പത്മാവദ് സിനിമ റിലീസ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാജസ്ഥാനില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി. ഉപേന്ദ്ര സിംഗ് റാത്തോര്‍ എന്ന യുവാവാണ് കയ്യില്‍ പെട്രോള്‍ നിറച്ച കുപ്പിയുമായി 350 അടി ഉയരമുള്ള മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. രാജ്യത്ത് സിനിമ നിരോധിച്ചാല്‍ മാത്രമേ താന്‍ താഴേക്ക് ഇറങ്ങുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.
പത്മാവദ് നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിരവധി പ്രക്ഷോഭങ്ങള്‍ ശക്തിപ്രാപിക്കുന്നതിനിടെയാണ് വേറിട്ട പ്രതിഷേധവുമായി യുവാവ് രംഗത്തെത്തിയിരിക്കുന്നത്.
നേരത്തെ, പത്മാവദ് പ്രദര്‍ശിപ്പിക്കാനിരുന്ന മാള്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധര്‍ അടിച്ച് തകര്‍ത്തിരുന്നു. ഈ മാസം 25ന് പുറത്തിറക്കുന്ന ചിത്രം മാളിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് മുന്‍കൂട്ടി കണ്ടാണ് ഹരിയാനയിലെ മാള്‍ അക്രമിസംഘം തകര്‍ത്തത്.
സംഘം ചേര്‍ന്ന് എത്തിയ ആളുകള്‍ ചുറ്റികയും വാളും ഉപയോഗിച്ച് മാളിന്റെ ചില്ലും മറ്റ് സാധനങ്ങളും അടിച്ച് തകര്‍ത്തെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞിരുന്നു.
ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് ശേഷം ഇരുപതോളം പേര്‍ അടങ്ങുന്ന സംഘം മാള്‍ ആക്രമിച്ചതിന് ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും അക്രമികള്‍ ഉപയോഗിച്ച വാള്‍ പരിസരത്ത് നിന്ന് കണ്ടെടുത്തെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കുരുക്ഷേത്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.