ഗുജറാത്തില്‍ അട്ടിമറി വിജയം ലക്ഷ്യമിട്ട് ‘തുറുപ്പു ചീട്ടുമായി’ കോണ്‍ഗ്രസ്സ് രംഗത്ത്

രേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകത്തില്‍ ബി.ജെ.പിയെ കടപുഴക്കാന്‍ ബ്രഹ്മാസ്ത്രം ഉപയോഗിച്ച് കോണ്‍ഗ്രസ്സ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള യുവനേതാവ് ഹാര്‍ദിക് പട്ടേലിനെ മുന്‍ നിര്‍ത്തി ഗുജറാത്തില്‍ അട്ടിമറി നടത്താനാണ് കോണ്‍ഗ്രസ്സ് ശ്രമം നടത്തുന്നത്.ഗുജറാത്തിലെ ജാംനഗര്‍ ലോകസഭ മണ്ഡലത്തില്‍ നിന്നും ഹാര്‍ദിക് മത്സരിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. മാര്‍ച്ച് 12ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹാര്‍ദിക് കോണ്‍ഗ്രസ്സ് അംഗത്വം സ്വീകരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സൂചന. ബി.ജെ.പിയുടെ സിറ്റിങ് സീറ്റാണ് ജാംനഗര്‍. പാട്ടീദാര്‍ പ്രക്ഷോഭത്തിലൂടെ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിനെ വിറപ്പിച്ച ഹാര്‍ദിക്കിന് മുന്നില്‍ വലിയ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ്സ് നല്‍കിയിരിക്കുന്നത്. കേന്ദ്രത്തില്‍ യു.പി.എ അധികാരത്തില്‍ വന്നാല്‍ കേന്ദ്രമന്ത്രി പദമാണ് അതില്‍ പ്രധാനം.

ഹാര്‍ദിക്ക് നിര്‍ദ്ദേശിക്കുന്ന പാട്ടീദാര്‍ വിഭാഗത്തിലെ ചിലര്‍ക്ക് സീറ്റുകള്‍ നല്‍കാനും കോണ്‍ഗ്രസ്സ് നേതൃത്വം തയ്യാറാണ്. കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം അഹമ്മദ് പട്ടേലാണ് ഹാര്‍ദിക്കിനെ ഒപ്പം നിര്‍ത്താന്‍ അിയറയില്‍ ചരട് വലിച്ചത്. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ഈ നീക്കം. നിലവില്‍ മുന്‍ വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ വിഭാഗം എ.എച്ച്.പിയും കോണ്‍ഗ്രസ്സിന് അനുകൂലമായ നിലപാടാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

ബി.ജെ.പി വിരുദ്ധരെ മൊത്തം ഒപ്പം നിര്‍ത്തി നേട്ടം കൊയ്യുക എന്നതാണ് ഗുജറാത്തിലെ കോണ്‍ഗ്രസ്സ് തന്ത്രം. 26 ലോകസഭാംഗങ്ങളെ തിരഞ്ഞെടുക്കുന്ന സംസ്ഥാനത്ത് 2014 ലെ തിരഞ്ഞെടുപ്പില്‍ 26 സീറ്റും തൂത്ത് വാരിയത് ബി.ജെ.പിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശും രാജസ്ഥാനും കൈവിടുകയും യു.പിയില്‍ എസ്.പി ബി.എസ്.പി സഖ്യം വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗുജറാത്ത് ബി.ജെ.പിക്ക് നിര്‍ണ്ണായകമാണ്.

പ്രധാനമന്ത്രിയുടെയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്റെയും നാട്ടില്‍ കാവി പടയ്ക്ക് അടിപതറിയാല്‍ അത് വ്യക്തിപരമായും ഇരു നേതാക്കള്‍ക്കും വന്‍ തിരിച്ചടിയാകും. സംസ്ഥാനത്തെ ശക്തമായ സമുദായമാണ് പാട്ടീദാര്‍ വിഭാഗം. സംവരണ വിഷയത്തെ ചൊല്ലി ലക്ഷങ്ങളെ തെരുവിലിറക്കിയ പ്രക്ഷോഭമാണ് ഇവിടെ ഹാര്‍ദിക് പട്ടേല്‍ എന്ന 25 വയസ്സുകാരന്‍ നടത്തിയത്. ദേശീയ തലത്തില്‍ തന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ച പ്രക്ഷോഭത്തിനൊടുവില്‍ ബി.ജെ.പി ഭരണകൂടം ഹാര്‍ദികിനെ ജയിലിലടച്ചിരുന്നു. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹാര്‍ദിക്കിനെ കാണാന്‍ ജയിലില്‍ എത്തുന്ന സാഹചര്യവും ഉണ്ടായി. ഹാര്‍ദിക്കിന്റ ജനപ്രീതി ആയിരുന്നു കെജിവാള്‍ അടക്കമുള്ള നേതാക്കളെ ആകര്‍ഷിച്ചിരുന്നത്.

ലോക്‌സഭാതിരഞ്ഞെടുപ്പിന് മുന്‍പ് ഈ പ്രക്ഷോഭകാരിയെ അനുനയിപ്പിക്കാന്‍ ബി.ജെ.പി പരമാവധി ശ്രമം നടത്തിയിരുന്നെങ്കിലും ഹാര്‍ദിക് വഴങ്ങിയിരുന്നില്ല. രാഷ്ട്രീയപരമായി മാത്രമല്ല വ്യക്തിപരമായും ബി.ജെ.പി ഭരണകൂടം ദ്രോഹിച്ചതാണ് ഹാര്‍ദിക്കിന്റെ പക വര്‍ദ്ധിക്കാന്‍ കാരണമായത്. മോദിയുടെ പതനത്തോടൊപ്പം ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാരിന്റെ പതനവും ഹാര്‍ദിക് ഇപ്പോള്‍ ആഗ്രഹിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെ തന്ത്രപരമായ കരുനീക്കത്തില്‍ വെട്ടിലായ ബി.ജെ.പി ഇപ്പോള്‍ ഹര്‍ദിക്കിന്റെ കുടുംബാംഗങ്ങളെ സ്വാധീനിച്ച് പിന്തിരിപ്പിക്കാനുള്ള അവസനഘട്ട ശ്രമത്തിലാണ്.

ഗുജറാത്ത് കൈവിടുന്നത് സ്വപ്നത്തില്‍ പോലും ആലോചിക്കാന്‍ ബി.ജെ.പി നേതൃത്വം ആഗ്രഹിക്കുന്നില്ല. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ 3,000 കോടി ചിലവില്‍ നിര്‍മിച്ചതിന് പിന്നില്‍ തന്നെ വോട്ട് ബാങ്കായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഗുജറാത്തികളുടെ വൈകാരികമായ വികാരം അനുകൂലമാകുമെന്ന് കണ്ടായിരുന്നു ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്റെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി മോദി തന്നെ രംഗത്തെത്തിയിരുന്നത്. ഈ പ്രതീക്ഷകളെല്ലാം ഒരു 25 കാരന്‍ പയ്യന്റെ രോഷത്തില്‍ എരിഞ്ഞ് തീരുന്ന സാഹചര്യം ബി.ജെ.പി മാത്രമല്ല ആര്‍എസ്എസ് ദേശീയ നേതൃത്വും ആഗ്രഹിക്കുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രസ്റ്റീജ് മത്സരം നടക്കുന്ന സംസ്ഥാനമായിരിക്കും ഇനി ഗുജറാത്ത്

Top