പൊലീസ് മെഡിക്കല്‍ ചെക്കപ്പിന് എത്തിച്ച യുവതി ഡോക്ടര്‍മാരെയും ജീവനക്കാരെയും മര്‍ദ്ദിച്ചു;പ്രതിഷേധം

മുംബൈ: മദ്യപിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ ചെക്കപ്പിന് വേണ്ടി പൊലീസ് ആശുപത്രിയിലെത്തിച്ച യുവതി ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മര്‍ദിച്ചതായി പരാതി.മുംബൈയിലെ കാണ്ടിവാലി ശതാബ്ദി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തുടര്‍ന്ന് നാല് മണിക്കൂറോളം ആശുപത്രിയില്‍ ഒപി വിഭാഗവും അത്യാഹിത വിഭാഗവും പ്രവര്‍ത്തിച്ചില്ല.

ബങ്കുര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഹിമാനി ശര്‍മ്മയെന്നാണ് ഇവരുടെ പേര്. ഇവരെ മെഡിക്കല്‍ ചെക്കപ്പിന് വേണ്ടിയാണ് എത്തിച്ചത്. എന്നാല്‍ പരിശോധിക്കേണ്ട ഡോക്ടര്‍ ശുചിമുറിയില്‍ പോയതിനാല്‍ ചികിത്സ ലഭ്യമായില്ല. ഇതില്‍ കുപിതയായ യുവതി മുറിയിലുണ്ടായിരുന്ന നഴ്‌സുമാരെയും മറ്റ് ഡോക്ടര്‍മാരെയും ജീവനക്കാരെയും ആക്രമിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ പൊലീസ് ഇക്കാര്യത്തില്‍ ഇതുവരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.ആശുപത്രി ജീവനക്കാരം സംഭവത്തില്‍ ശക്തമായി പ്രതിഷേധം അറിയിച്ചു.

Top