ചികിത്സാ പിഴവില്‍ ഒന്നര വയസുകാരി മരിച്ചു: മോഹനൻ വൈദ്യര്‍ അറസ്റ്റില്‍

ആലപ്പുഴ : ചികിത്സാ പിഴവിനെ തുടർന്ന് ഒന്നര വയസുകാരി മരിച്ചെന്ന പരാതിയില്‍ നാട്ടുവൈദ്യൻ മോഹനൻ വൈദ്യരുടെ അറസ്റ്റ് രേഖപ്പെടുത്തി. കായംകുളം പൊലീസാണ് മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടത്.

ഹൈക്കോടതി നിർദ്ദേശാനുസരണം മോഹനൻ വൈദ്യർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരാകുകയായിരുന്നു. കേസിൽ ഇയാൾക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

വയനാട് സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ശ്രീജിത്ത് പെരുമനയുടെ പരാതിയില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ മാരാരിക്കുളം പൊലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു.

മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രം കായംകുളത്ത് ആയതിനാല്‍ അന്വേഷണം പിന്നീട് കായംകുളം പൊലീസിന് കൈമാറുകയായിരുന്നു. ഇതുമായ ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അന്വേഷണം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നരഹത്യക്ക് കേസെടുത്തത്.

Top