തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടിയില്ലെന്ന് പരാതി പറഞ്ഞ രോഗി മരിച്ച സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വാടാനപ്പളളി സ്വദേശിയായ നകുലന്‍ ചൊവ്വാഴ്ച രാത്രിയാണ് കൊവിഡ് വാര്‍ഡില്‍ മരിച്ചത്. ചികിത്സ വൈകുന്നെന്ന് പറഞ്ഞ് നകുലന്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ സന്ദേശം ഇട്ടിരുന്നു.
രണ്ട് വര്‍ഷമായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഡയാലിസിസ് ചെയ്തു വരുന്നയാളാണ് നകുലന്‍. അത്തരത്തില്‍ ഡയാലിസിസ് ചെയ്യാനെത്തിയപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരാഴ്ച മുന്‍പാണ് നകുലന്‍ വിഡിയോ പോസ്റ്റ് ചെയ്തത്. കിടക്ക ലഭിച്ചില്ലെന്നും ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നും ഇയാള്‍ വിഡിയോയില്‍ പറഞ്ഞിരുന്നു. ബ്രഷും പേസ്റ്റുമൊന്നും ഇല്ലെന്നും നകുലന്‍ ആരോപിച്ചു.