കോഴിക്കോട്: ചികിത്സയക്ക് പണമടയ്ക്കാത്തതിനാല്‍ നിപ്പ വൈറസ് ബാധിതനായ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞതായി രോഗിയുടെ ബന്ധുക്കള്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
പണമടയ്ക്കാത്തതിനാല്‍ ചികിത്സയിലുള്ള രോഗിയെ വെന്റിലേറ്ററില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായാണ് രോഗിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്. അതേസമയം, ബില്‍ തുക അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സംഭവത്തെ തുടര്‍ന്ന് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കരുതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ആശുപത്രി അധികൃതര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിപ്പ വൈറസ് ബാധിതര്‍ക്ക് സ്വകാര്യ ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി നേരത്തെ രോഗബാധിത മേഖലയിലുള്ളവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.