ഇഎസ്‌ഐ ആശുപത്രികളില്‍ ആവശ്യ മരുന്നുകള്‍ പോലും ലഭ്യമാകുന്നില്ലെന്ന് രോഗികള്‍

തളിപ്പറമ്പ്: ഇഎസ്‌ഐ ആശുപത്രികളില്‍ നിന്ന് ആവശ്യമരുന്നുകള്‍ പോലും രോഗികള്‍ക്ക് ലഭ്യമാകുന്നില്ലെന്ന് റിപ്പോര്‍ട്ട്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള അലോഡൈപിന്‍, രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള മെക്‌ഫോര്‍മിന്‍, കോളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനുള്ള അഡോര്‍വസ്‌കാറ്റിന്‍ ഉള്‍പ്പെടെയുള്ള ആവശ്യമരുന്നുകള്‍ പോലും കഴിഞ്ഞ ജൂണ്‍മാസം മുതല്‍ ഇഎസ്‌ഐ ആശുപത്രികളില്‍ നിന്ന് ലഭ്യമാകുന്നില്ലെന്ന് രോഗികള്‍ ചൂണ്ടിക്കാട്ടുന്നു.

മരുന്നുകളുടെ ആവശ്യകത കാണിച്ച് കഴിഞ്ഞ ജൂണ്‍ മാസത്തില്‍ തന്നെ കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളിലെ റീജിയണല്‍ ഓഫീസുകളിലേക്ക് ഇന്‍ഡന്റ് നല്‍കിയിരുന്നു.

എന്നാല്‍ സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴിലുള്ള ഡയറക്‌ട്രേറ്റ് ഓഫ് ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസിന്റെ അനുമതി ലഭിക്കാത്തതിനാല്‍ ഇപ്പോഴും ഇഎസ്‌ഐ ആശുപത്രികളിലേയും, ഡിസ്‌പെന്‍സറികളിലേയും ഫാര്‍മസികള്‍ ശൂന്യമായി തുടരുകയാണ്.

അതിനാല്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ക്ക് വേണ്ടി രോഗികള്‍ ഫാര്‍മസിസ്റ്റുകളുമായി നിരന്തരം വാക്കുതര്‍ക്കം നടത്തുകയാണ്.

ഫാര്‍മസിയില്‍ ഇല്ലാത്ത മരുന്നുകള്‍ പുറത്തുനിന്ന് വാങ്ങാന്‍ അനുമതിയുണ്ടെങ്കിലും മുന്‍കൂര്‍ നല്‍കിയ പണം തിരികെ ലഭിക്കാന്‍ ഏറെ ബുദ്ധിമുട്ട് ഉണ്ടെന്നും ഇവര്‍ പറയുന്നു.

Top