ദിനംപ്രതി രോഗികള്‍ കൂടുന്നു; പാലക്കാടും കണ്ണൂരും പ്രത്യേക നിരീക്ഷണത്തില്‍

തിരുവനന്തപുരം: ദിനംപ്രതി കൊവിഡ് രോഗികളുടെ എണ്ണം മൂന്നക്കത്തില്‍ കൂടുന്നതോടെ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. സമൂഹവ്യാപന സാധ്യത ചില സ്ഥലങ്ങളിലുണ്ടെന്ന സംശയം വിദഗ്ധര്‍ സൂചിപ്പിച്ച സാഹചര്യത്തില്‍ വ്യാപകമായി ആന്റി ബോഡി ടെസ്റ്റിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍.

കേസുകള്‍ ഉയരുന്ന പാലക്കാടും ഒരു കുടുംബത്തിലെ 13 പേര്‍ക്ക് രോഗം ബാധിച്ച ധര്‍മ്മടവും ഈ കുടംബാംഗങ്ങള്‍ക്ക് രോഗമുണ്ടാകാന്‍ കാരണമെന്ന് സംശയിക്കുന്ന തലശ്ശേരിയിലെ മത്സ്യമാര്‍ക്കറ്റും ഉറവിടം അറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളുമാണ് സംസ്ഥാനത്ത് ആശങ്ക കൂട്ടുന്നത്. ഇതുപോലെ രോഗവ്യാപന തോത് കൂടിയതും അസാധാരണമായ കേസുകള്‍ ഉള്ളതുമായ ഇടങ്ങളിലും മുന്‍ഗണനാ വിഭാഗങ്ങളിലും വ്യാപകമായി ആന്റി ബോഡി ടെസ്റ്റ് നടത്തിയുള്ള പ്രതിരോധത്തിനാണ് ഇനി ഊന്നല്‍ നല്‍കാന്‍ സര്‍ക്കാരിന്റെ തീരുമാനം.

നിലവില്‍ ആക്ടീവായ കേസുകള്‍ തന്നെ ആയിരത്തോട് അടുക്കുകയാണ്. 973 പേരാണ് സംസ്ഥാനത്ത് ഇപ്പോള്‍ കൊവിഡ് ചികിത്സയിലുള്ളത്. മൂന്നാം ഘട്ടത്തിലെ സമ്പര്‍ക്കരോഗികളുടെ എണ്ണം മാത്രം 110 കടന്നു.

Top