സുശാന്തിന്റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്‌ന എസ്പിയെ നിര്‍ബന്ധിത ക്വാറന്റൈനിലാക്കി

മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്‌ന എസ്.പി ബിനയ് തിവാരിയെ നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. 14 ദിവസത്തേക്കാണ് മുംബൈ കോര്‍പ്പറേഷന്‍ എസ്.പിയെ ക്വാറന്റീന്‍ ചെയ്യിപ്പിച്ചത്. ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്റീന്‍ ചെയ്യുകയായിരുന്നെന്ന് ബിഹാര്‍ ഡിജിപി ട്വീറ്റ് ചെയ്തു.

സാഹചര്യം വിലയിരുത്താന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉന്നതതല യോഗം വിളിച്ചു. സുശാന്തിന്റെ കുടുംബം പാറ്റ്‌നയില്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ ബിഹാര്‍ പൊലീസ് മുംബൈയില്‍ എത്തിയത് മുതല്‍ തുടങ്ങിയ തര്‍ക്കമാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്. മുംബൈയില്‍ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനാണ് എസ്പി ബിനയ് തിവാരി ഇന്നലെ വൈകീട്ടോടെ എത്തിയത്.

മാധ്യമ പ്രവര്‍ത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കും മുന്‍പ് മുംബൈ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിന്റെ കൈയ്യില്‍ ക്വാറന്റീന്‍ സീല്‍ പതിക്കുകയായിരുന്നു. രാത്രിയോടെ എസ്.പിയെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയി. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള നടപടിയെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വിശദീകരണം.

അന്വേഷണ ഉദ്യോഗസ്ഥന് ഐപിഎസ് മെസ്സില്‍ താമസം പോലും നല്‍കിയില്ലെന്ന വിമര്‍ശനവുമായി ബിഹാര്‍ ഡിജിപി രംഗത്തെത്തി. ക്വാറന്റീന്‍ ചെയ്തില്ലെങ്കിലും നേരത്തെ എത്തിയ പൊലീസ് സംഘത്തിന് വാഹനം പോലും നല്‍കുന്നില്ലെന്ന പരാതി ബിഹാര്‍ സര്‍ക്കാര്‍ നേരത്തെ അറിയിച്ചതാണ്. ഇപ്പോഴും ഓട്ടോയിലാണ് മുംബൈയില്‍ ബിഹാര്‍ പൊലീസ് സംഘത്തിന്റെ യാത്രകളെല്ലാം. കേസുമായി ബന്ധപ്പെട്ട പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലും നല്‍കാതെ അന്വേഷണത്തോട് നിസഹകരിക്കുകയാണ് മുംബൈ പൊലീസ്. ഇതിനെല്ലാം ഇടയിലാണ് പുതിയ പ്രകോപനം.

Top