ദമാസ്‌ക്കസ്: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവക്ക് നേരെ ചാവേറാക്രമണം. ജന്‍മനാട്ടില്‍ വെച്ച് നടന്ന ആക്രമണത്തില്‍ ബാവ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
അതേസമയം ചാവേറായി വന്ന ഭീകരനും ഒരു അംഗരക്ഷകനും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. കേരളത്തിലെ യാക്കോബായ സഭയുള്‍പ്പെടെ സുറിയാനി സഭകളുടെ പരമാധ്യക്ഷനാണ് പാത്രിയാര്‍ക്കീസ് ബാവ.
പാത്രിയാര്‍ക്കീസ് ബാവയുടെ ജന്‍മനാടായ ഖാമിഷ്‌ലി ജില്ലയിലെ ഖാതിയില്‍ 1915ലെ സെയ്‌ഫോ കൂട്ടക്കൊലയില്‍ മരിച്ചവരെ അനുസ്മരിക്കാന്‍ ചേര്‍ന്ന പ്രാര്‍ത്ഥനാ ചടങ്ങിനിടെയാണ് ആക്രമണം.
കൊല്ലപ്പെട്ടവരുടെ സ്മാരകം ഉദ്ഘാടനം ചെയ്ത ശേഷം പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു പാത്രിയാര്‍ക്കീസ് ബാവ.ഇതിനിടെ ശരീരത്തില്‍ ബോംബു ഘടിപ്പിച്ചെത്തിയ ചാവേറാണ് പാത്രിയാര്‍ക്കീസ് ബാവയെ വധിക്കാന്‍ ശ്രമിച്ചത്.
ബാവയുടെ സുരക്ഷക്കായുള്ള സുതുറോ എന്ന പ്രത്യേക സംരക്ഷണ സേന ചെറുത്തു നിന്നതുകൊണ്ടാണ് ചാവേറിന് അദ്ദേഹത്തിന്റെ അടുത്തെത്താന്‍ കഴിയാതിരുന്നത്. ലക്ഷ്യത്തിലെത്തും മുന്‍പു തന്നെ ചാവേര്‍ പൊട്ടിത്തെറിച്ചു മരിച്ചു.
സുതുറോയിലെ ഒരംഗവും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ആക്രമണത്തില്‍ എട്ടു പേര്‍ക്ക് ഗുരുതരമായും പരുക്കേറ്റിട്ടുണ്ട്. പാത്രിയാര്‍ക്കീസ് ബാവയ്ക്കു പരുക്കുകളൊന്നുമില്ല.
വടക്കു കിഴക്കന്‍ സിറിയയില്‍ ജനാധിപത്യ ഭരണകൂടത്തെ പിന്തുയ്ക്കുന്നവരാണ് സുരക്ഷാസേനയിലുള്ളവര്‍. കുര്‍ദ്അറബ് സേനയുമായും ഇവര്‍ സഹകരിച്ചാണു പ്രവര്‍ത്തിക്കുന്നത്.
സംഭവത്തിന്റെ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ സേനയെ മേഖലയിലേക്ക് അയക്കണമെന്ന് സഭാ നേതൃത്വം അഭ്യര്‍ത്ഥിച്ചു.
2014 മേയ് 29ന് 123ആം പാത്രിയാര്‍ക്കീസായി സ്ഥാനമേറ്റ ബാവ കഴിഞ്ഞവര്‍ഷം ഫെബ്രുവരി ഏഴിനു കേരള സന്ദര്‍ശനത്തിനെത്തിയിരുന്നു.