pattoor case no legal action vigilance

തിരുവനന്തപുരം: പാറ്റൂര്‍ കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിട്ടും വിജിലന്‍സ് നടപടിയില്ല.

നിയമലംഘനം നടന്നിട്ടുണ്ടെന്നും നടപടി എടുക്കുന്നതിന് തടസമില്ല എന്നും വ്യക്തമാക്കി അഞ്ചരമാസം
മുമ്പ് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു.

ഭൂമി കയ്യേറിയവര്‍ക്ക് എതിരെ മാത്രമല്ല ഭരണതലത്തിലുള്ളവര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികളാകാമെന്നുമായിരുന്നു അഡ്വക്കേറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് 2016 ഓഗസ്റ്റ് 5 ന് ഉപദേശം നല്‍കിയത്.

പാറ്റൂര്‍ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് മേധാവി ജേക്കബ് തോമസ് കൂടുതല്‍ നിയമോപദേശം ആവശ്യപ്പെട്ടതനുസരിച്ചാണ് എജി ഉപദേശം നല്‍കിയത്.

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് മുന്നോട്ട് പോകാന്‍ സാഹചര്യമുണ്ടായിട്ടും അത് ചെയ്തില്ലെന്നും പാറ്റൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സിന് മുമ്പ് തന്നെ ബോധ്യമായതാണെന്നും എജി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളെല്ലാം അറിയാമായിരുന്നിട്ടും നടപടിയെടുക്കാത്തതിനെ നിയമോപദേശത്തില്‍ എജി വിമര്‍ശിച്ചു.

കേസില്‍ ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെക്കുറിച്ച് കോടതി കഴിഞ്ഞ ദിവസം ആരാഞ്ഞിരുന്നു. എന്നാല്‍ കേസില്‍ ദ്രുതപരിശോധന നടക്കുകയാണെന്നും ചില ഫയലുകള്‍ ലോകായുക്തയുടെ കൈവശമായതിനാലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതെന്നുമാണ് വിജിലന്‍സിന്റെ മറുപടി നല്‍കിയത്.

Top