പാറ്റൂര്‍ കേസ്; ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനെന്ന് ഹൈക്കോടതി

jacob thomas

കൊച്ചി: പാറ്റൂര്‍ ഭൂമിയിടപാട് കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണെന്ന് കോടതി വിമര്‍ശിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ അച്ചടക്കം പരമപ്രധാനമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ജേക്കബ് തോമസിന് അച്ചടക്കമുണ്ടെന്ന് കരുതാനാവില്ലെന്നും കോടതി പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ചീഫ് സെക്രട്ടറി ഭരത് ഭൂഷണും അടക്കമുള്ളവര്‍ക്കെതിരായ വിജിലന്‍സ് കേസ് റദ്ദാക്കിക്കൊണ്ടാണ് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസ് സത്യത്തെക്കുറിച്ച് എഴുതിയതു കണ്ട് സഹതപിക്കുന്നെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജേക്കബ് തോമസിന്റെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാറ്റൂര്‍ ഭൂമിയിടപാട് കേസ് തന്നെ ഉണ്ടായതെന്നും കോടതി ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് കോടതിക്കെതിരെ നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ കോടതിയലക്ഷ്യമാണ്. എന്നാല്‍, അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് ഇപ്പോള്‍ കേസെടുക്കുന്നില്ലെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.

അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്.

Top