മ്യൂണിക്: വാര്‍ത്താ സമ്മേളനത്തിനിടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മുന്നിലുള്ള കൊക്ക കോള കുപ്പി എടുത്തുമാറ്റിയ മാതൃക പിന്തുടര്‍ന്ന് ഫ്രാന്‍സ് സൂപ്പര്‍ താരം പോള്‍ പോഗ്ബയും. ജര്‍മനിക്കെതിരായ മത്സരത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ മുന്നിലുള്ള ഹെനികിന്‍ കമ്പനിയുടെ ബിയര്‍ കുപ്പി എടുത്തുമാറ്റിയാണ് പോഗ്ബ റോണോയെ മാതൃകയാക്കിയത്.
ഇസ്ലാം മതവിശ്വാസിയായ പോഗ്ബ മദ്യ ബ്രാന്‍ഡുകളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാറുണ്ട്. യൂറോയുടെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാളാണ് ഹെനികിന്‍. കഴിഞ്ഞ ദിവസം ഹംഗറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പോര്‍ച്ചുഗല്‍ നായകനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മേശപ്പുറത്തിരുന്ന കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റി വെള്ളക്കുപ്പികള്‍ എടുത്തുവെച്ചിരുന്നു.
2019ലാണ് പോഗ്ബ ഇസ്ലാം മതവിശ്വാസിയായത്. ഇസ്ലാം മതം സ്വീകരിച്ചത് തന്റെ മനസിന് കൂടുതല്‍ ശാന്തത നല്‍കുന്നുവെന്ന് പോഗ്ബ നേരത്തെ വ്യക്തമാക്കിയിരുന്നു. 2019ല്‍ പോഗ്ബ മക്കയില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
യൂറോ കപ്പിലെ മരണ ഗ്രൂപ്പില്‍ ജര്‍മനിക്കെതിരായ മത്സരത്തില്‍ ഒരു ഗോളിനാണ് ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സ് ജയിച്ചത്. ജര്‍മന്‍ താരം മാറ്റ് ഹെമ്മല്‍സിന്റെ സെല്‍ഫ് ഗോളാണ് ഫ്രാന്‍സിന് ജയമൊരുക്കിയത്.