ഇസാഫ് സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍, ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ സ്ഥാനങ്ങളില്‍ നിന്നും കെ പോള്‍ തോമസ് രാജി വച്ചു. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് രാജി അംഗീകരിച്ചു. 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ടിന്റെ ചില നിബന്ധനകള്‍ പ്രകാരമാണ് രാജി വച്ചതെന്ന് പോള്‍ അറിയിച്ചു.
ഇസാഫ് ബാങ്കിന്റെ ഹോള്‍ഡിങ് കമ്പനിയായ ഇസാഫ് മൈക്രോ ഫിനാന്‍സില്‍ പോള്‍ തോമസിന് ഉണ്ടായിരുന്ന ഓഹരി പങ്കാളിത്തമാണ് നിയമ കുരുക്കായതെന്നാണ് വിശദീകരണം. ബാങ്കിങ് റെഗുലേഷന്‍ നിയമം പ്രകാരം മാനേജിങ് ഡയറക്ടര്‍ക്ക് കമ്പനി നിയമ പ്രകാരമുള്ള മറ്റു കമ്പനികളില്‍ നിര്‍ണ്ണായകമായ അളവില്‍ ഓഹരി പങ്കാളിത്തം പാടില്ല. മൈക്രോ ഫിനാന്‍സ് കമ്പനിയെ നേരിട്ട് ബാങ്കായി മാറ്റുന്നതിന് പകരം ബാങ്കിന്റെ ഹോള്‍ഡിങ് കമ്പനിയായി നിലനിര്‍ത്തുകയായിരുന്നു.
മാനേജിങ്ങ് ഡയറക്ടര്‍ നിയമനത്തിന് അംഗീകാരം നല്‍കുമ്പോള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മൈക്രോ ഫിനാന്‍സ് കമ്പനിയിലെ ഓഹരികള്‍ പൂര്‍ണ്ണമായും വിറ്റഴിയണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഒരു ചെറിയ ഭാഗം ( 0 .39 ശതമാനം) ഓഹരികള്‍ക്ക് ലോക്ക് ഇന്‍ പീരീഡ് ഉള്ളതാണ് സാങ്കേതിക പ്രശ്‌നമെന്ന് അദ്ദേഹം പ്രതികരിച്ചു.