പൗരത്വ നിയമം, എന്‍ആര്‍സി തുടങ്ങിയ വിഷയങ്ങളില്‍ ബിഹാര്‍ മുഖ്യമന്ത്രിയുടെ നിലപാടുകളെന്ന പേരില്‍ പാര്‍ട്ടി നേതാവ് പവന്‍ വര്‍മ്മ പുറത്തുവിട്ട തുറന്ന കത്ത് നിതീഷ് കുമാറിന് നാണക്കേട് സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെ പാര്‍ട്ടി നേതാവിന് ജെഡിയു ഉപേക്ഷിക്കാന്‍ സ്വാതന്ത്ര്യം അനുവദിച്ച് കൊണ്ടാണ് നിതീഷ് പ്രതികരണവുമായി എത്തിയത്.
മുഖ്യമന്ത്രി തന്നോട് വ്യക്തിപരമായി പങ്കുവെച്ച വിവരങ്ങളെന്ന തരത്തിലാണ് പവന്‍ വര്‍മ്മ തുറന്ന കത്ത് പുറത്തുവിട്ടത്. ‘ഏതെങ്കിലും വിഷയങ്ങളില്‍ ആര്‍ക്കെങ്കിലും അഭിപ്രായം പറയാനുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് അകത്ത് മതിയെന്ന് ബിഹാര്‍ മുഖ്യമന്ത്രി പ്രതികരിച്ചു. ഇത്തരത്തിലുള്ള പൊതുപ്രസ്താവനകള്‍ അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിന് എവിടെ വേണമെങ്കിലും പോകാം, ഏത് പാര്‍ട്ടിയില്‍ വേണമെങ്കിലും ചേരാം, എല്ലാ ആശംസകളും’, ബിഹാര്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്കൊപ്പം സഖ്യത്തില്‍ ഏര്‍പ്പെടുന്നതിന് പാര്‍ട്ടി പ്രസിഡന്റായ നിതീഷ് കുമാറില്‍ നിന്ന് ജെഡിയു നേതാവ് പവന്‍ വര്‍മ്മ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ബിജെപി രാജ്യത്തെ നയിക്കുന്ന രീതി സംബന്ധിച്ച് ബിഹാര്‍ മുഖ്യമന്ത്രി തന്നോട് സ്വകാര്യമായി നടത്തിയ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലാണ് ഈ ചോദ്യം ഉന്നയിച്ചതെന്ന് വര്‍മ്മ പറഞ്ഞിരുന്നു.
ബിജെപി നേതൃത്വം തന്നെ അപമാനിച്ചിട്ടുള്ളതായി നിതീഷ്‌കുമാര്‍ തന്നോട് വെളിപ്പെടുത്തിയെന്നാണ് പവന്‍ വര്‍മ്മ അവകാശപ്പെട്ടത്. ഈതുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ബിഹാര്‍ മുഖ്യന്‍ രോഷാകുലനായത്.