പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും തള്ളി; നിര്‍ഭയ പ്രതികള്‍ക്ക് പുതിയ ‘മരണ വാറണ്ട്’ തേടി തിഹാര്‍

2012 ഡല്‍ഹി കൂട്ടബലാത്സംഗ കൊലപാതക കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള മരണ വാറണ്ട് തേടി തിഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിക്കും. പ്രതികളില്‍ ഒരാളായ പവന്‍ കുമാറിന്റെ ദയാഹര്‍ജി രാഷ്ട്രപതി രാം നാഥ് കോവിന്ദ് തള്ളിയതോടെയാണ് പുതിയ നീക്കം.

‘ബഹുമാനപ്പെട്ട ഇന്ത്യന്‍ രാഷ്ട്രപതി പവന്റെ ദയാഹര്‍ജി തള്ളിയ സാഹചര്യത്തില്‍ ഞങ്ങള്‍ പട്യാല ഹൗസ് കോടതിയെ സമീപിക്കും, നാല് കുറ്റവാളികളുടെയും വധശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി നിശ്ചയിച്ച് മരണ വാറണ്ട് ഇറക്കാന്‍ ആവശ്യം സമര്‍പ്പിക്കും’, തിഹാര്‍ വക്താവ് പറഞ്ഞു. വധശിക്ഷ നടപ്പാക്കാന്‍ തീയതി നിശ്ചയിക്കാന്‍ ആവശ്യപ്പെട്ട് അപേക്ഷ സമര്‍പ്പിക്കുമെന്ന് നിര്‍ഭയയുടെ രക്ഷിതാക്കള്‍ക്കായി ഹാജരാകുന്ന അഡ്വക്കേറ്റ് സീമ കുശ്വാഹ പറഞ്ഞു.

എല്ലാ പ്രതികളും അവരുടെ അവകാശങ്ങള്‍ അനുസരിച്ചുള്ള നീക്കങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇനി തീരുമാനിക്കുന്ന തീയതി അന്തിമമായിരിക്കും, അഡ്വ. സീമ പറഞ്ഞു. രാഷ്ട്രപതിക്ക് മുന്‍പാകെ ദയാഹര്‍ജി പരിഗണിക്കുന്നതിനിടെ ഇവരെ തൂക്കിക്കൊല്ലാന്‍ കഴിയില്ലെന്ന് നിരീക്ഷിച്ച് തിങ്കളാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി ഇവരുടെ വധശിക്ഷ മൂന്നാം തവണയും സ്‌റ്റേ ചെയ്തത്.

മുകേഷ്, വിനയ്, അക്ഷയ് എന്നീ പ്രതികളുടെ ദയാഹര്‍ജി നേരത്തെ തന്നെ രാഷ്ട്രപതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പവന്‍ ദയാഹര്‍ജിയുമായി രംഗത്ത് വന്നത്. മരണ വാറണ്ട് വിധിച്ചത് മുതല്‍ പല തവണയായി കോടതിയെ സമീപിച്ചും, രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചു ശിക്ഷ നീട്ടാനുള്ള ശ്രമത്തിലാണ് നാല് പ്രതികളും. അനിശ്ചിതമായി വധശിക്ഷ നീണ്ടുപോകുന്നതിന് എതിരെ ഇരയുടെ മാതാപിതാക്കളും, പൊതുസമൂഹവും, കോടതിയും രംഗത്ത് വരുന്ന കാഴ്ചയ്ക്കും രാജ്യം സാക്ഷിയായി.

Top