ഒസാമാബാദ്: മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. അല്‍പ്പമെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുമായിരുന്നു എന്നാണു പവാറിന്റെ പരിഹാസം.
ആത്മാഭിമാനമുള്ള ആരും ആ സ്ഥാനത്തു തുടരില്ല. ഇക്കാര്യം ആവശ്യപ്പെടാന്‍ നമ്മളാര്- ഒസാമാബാദിലെ പ്രളയബാധിത ജില്ലകളില്‍ സന്ദര്‍ശനം നടത്തവെ പവാര്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി പറഞ്ഞ ഭാഷയെ കേന്ദ്ര ആഭ്യന്തരമന്ത്രി പോലും തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കില്‍ അതു ആശങ്കപ്പെടുത്തുന്നതാണെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. കോഷിയാരിയുടെ ‘മതേതരത്വ’ പരാമര്‍ശം തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രംഗത്തെത്തിയതിനു പിന്നാലെയാണ് പവാറിന്റെ പരിഹാസം. കോഷിയാരിക്ക് കുറച്ചുകൂടി മെച്ചപ്പെട്ട ഭാഷ ഉപയോഗിക്കാമായിരുന്നു എന്നാണ് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ അഭിപ്രായപ്പെട്ടത്.
മഹാരാഷ്ട്രയിലെ ആരാധനാലയങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് കോഷിയാരി മുഖ്യമന്ത്രിക്കു നല്‍കിയ കത്തിലെ ഹിന്ദുത്വം ഉപേക്ഷിച്ച് നിങ്ങള്‍ ഇത്ര പെട്ടെന്ന് മതേതരവാദിയായോ എന്ന പരാമര്‍ശമാണു വിവാദമായത്. ക്ഷേത്രങ്ങള്‍ തുറക്കുന്നതിനു വേണ്ടി പ്രക്ഷോഭത്തിനിറങ്ങിയ ബിജെപിയെ സഹായിക്കാന്‍ ഗവര്‍ണര്‍ പ്രത്യക്ഷമായി രംഗത്തുവന്നു എന്നാണ് ആരോപണം.