ബെംഗളുരു: കർണാടകയിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരായ ‘പേ സിഎം’ കാമ്പയിനുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, രൺദീപ് സുർജെവാല, ബി കെ ഹരിപ്രസാദ്, പ്രിയങ്ക ഖാർഗെ എന്നിവരാണ് അറസ്റ്റിലായത്. പൊതുമരാമത്ത് വകുപ്പുകളിലടക്കം പ്രവർത്തികൾ നടക്കണമെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും 40 ശതമാനം കമ്മീഷൻ നൽകണമെന്ന് ആക്ഷേപിച്ചായിരുന്നു പ്രതിഷേധം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കോൺഗ്രസിന്റെ ‘പേ സിഎം’ കാമ്പയിൻ.
കാമ്പയിന്റെ ഭാഗമായി ഇ വാലറ്റായ പേ ടിഎം മാതൃകയിലുളള പോസ്റ്റർ വിവിധയിടങ്ങളിൽ കോൺഗ്രസ് പതിച്ചിരുന്നു. ബിജെപിയുടെ നെലമംഗലം ഓഫിസിലും പ്രതിപക്ഷം പോസ്റ്റർ പതിച്ചു. സംഭവത്തിൽ നേരത്തെ ചില കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് വെളളിയാഴ്ചയും പ്രതിപക്ഷം പോസ്റ്റർ പതിച്ചു.
ക്യൂആർ കോഡില്‍ ബസവരാജ് ബൊമ്മെയുടെ ചിത്രം ഉൾപ്പെടുത്തിയായിരുന്നു പോസ്റ്റർ. ’40 ശതമാനം ഇവിടെ സ്വീകരിക്കുന്നു’ എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്. പോസ്റ്ററിലെ ക്യൂആർ കോഡ് സ്കാൻ ചെയ്താൽ 40percentsarkara.com എന്ന വെബ്സൈറ്റിലേക്കെത്തും. സർക്കാരിന്റെ അഴിമതിക്കെതിരെ പൊതുജനങ്ങൾക്ക് പരാതി നൽകാൻ കോൺഗ്രസ് തയ്യാറാക്കിയ വെബ്സൈറ്റാണിത്. സംഭവത്തിന് പിന്നാലെ പലയിടത്തു നിന്നും പോസ്റ്റർ നീക്കം ചെയ്തിരുന്നു.