pay electricity bill online paytm.com

പുതിയ കണക്ഷന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനും പേ ടി.എം. എന്ന ഇവാലറ്റിലൂടെ ബില്ലടയ്ക്കാനും വൈദ്യുതി ബോര്‍ഡ് സൗകര്യമൊരുക്കുന്നു.

പോസ്റ്റ് ആവശ്യമില്ലാത്ത ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും മറ്റ് ലോടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും അപേക്ഷാ ഫീസിനോടൊപ്പം സെക്യൂരിറ്റി ഡെപ്പോസിറ്റും സര്‍വീസ് കണക്ഷനുവേണ്ട ചെലവും ഓണ്‍ലൈനായി അടയ്ക്കാം.

അപേക്ഷയുടെ പ്രിന്റൗട്ടും അപേക്ഷകന്റെ ഫോട്ടോയും മറ്റു രേഖകളും കണക്ഷന്‍ നല്‍കാന്‍ വരുന്ന ഉദ്യോഗസ്ഥന്റെ കൈവശം ഏല്‍പ്പിച്ചാല്‍ മതി. സ്ഥലപരിശോധനയ്ക്കുശേഷം ഇ മെയില്‍, എസ്.എം.എസ്. അറിയിപ്പ് കിട്ടിയാല്‍ പോസ്റ്റ് ആവശ്യമുള്ള കണക്ഷനും അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കാം.

പേ ടി.എമ്മിലൂടെ പണം സ്വീകരിക്കുന്നതിനുപുറമേ അക്ഷയ സെന്റര്‍ വഴി പണമടയ്ക്കുന്നത് ഉടന്‍തന്നെ കെ.എസ്.ഇ.ബിയില്‍ വരവുവെയ്ക്കാനും സംവിധാനം ഏര്‍പ്പെടുത്തും. അപ്നാ സി.എം.സി. (കോമണ്‍ സര്‍വീസ് സെന്റര്‍ സ്‌കീം) എന്ന ദേശീയ പൊതുസേവനകേന്ദ്രവും അക്ഷയകേന്ദ്രവുമായി യോജിച്ചാണിത്.

കെ.എസ്.ഇ.ബി. വികസിപ്പിച്ച സ്മാര്‍ട്ട് (സേഫ്റ്റി മോണിറ്ററിങ് ആന്‍ഡ് ആക്‌സിഡന്റ് റിപ്പോര്‍ട്ടിങ് ടൂള്‍) എന്ന സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തിലെ ജോലിസുരക്ഷയും അപകടങ്ങളും സംബന്ധിച്ച കാര്യങ്ങള്‍ നിരീക്ഷിച്ച് മേല്‍നോട്ടം വഹിക്കാന്‍ ഉദ്യോഗസ്ഥരെ സഹായിക്കും. ‘ഒരുമാ നെറ്റ്’ ആപ്പിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ഓഫീസിന് പുറത്തായിരിക്കുമ്പോഴും ഔദ്യോഗികകാര്യങ്ങള്‍ നിര്‍വഹിക്കാം.

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് വൈദ്യുതിഭവനിലെ ജീവനക്കാരെ അഭിസംബോധനചെയ്യുന്ന മന്ത്രി എം.എം. മണി പദ്ധതികള്‍ പ്രഖ്യാപിക്കും. മന്ത്രിയായശേഷം ആദ്യമായാണ് എം.എം. മണി വൈദ്യുതിഭവന്‍ സന്ദര്‍ശിക്കുന്നത്.

Top