ശമ്പളപരിഷ്‌കരണം; സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. വെള്ളിയാഴ്ച രാവിലെ മൂന്ന് മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനാണ് ഡോക്ടര്‍മാരുടെ സംഘടനകളുടെ തീരുമാനം. ഫെബ്രുവരി അഞ്ചാം തീയതി 12 മണിക്കൂര്‍ നിരാഹാരസമരം നടത്തും. ഒമ്പതാം തീയതി മുതല്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് അനിശ്ചിതകാലസമരം തുടങ്ങുമെന്നും ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.

ഫെബ്രുവരി 5-ന് നടത്തുന്ന നിരാഹാരസമരത്തിനിടെ രോഗീപരിചരണവും അധ്യാപനവും മുടങ്ങില്ല. സൂചനാ പണിമുടക്ക് സമയം, ഒപികളും, ഇലെക്റ്റിവ് ശസ്ത്രക്രിയകളും, അധ്യാപനവും നടത്തില്ല. എന്നാല്‍ കൊവിഡ് ചികിത്സ, അടിയന്തര സേവനങ്ങള്‍, അടിയന്തര ശസ്ത്രക്രിയകള്‍, ഐസിയു, ലേബര്‍ റൂം, അത്യാഹിതവിഭാഗം, വാര്‍ഡ് സേവനങ്ങള്‍, എന്നിവയെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ 2016 മുതലുള്ള ശമ്പളക്കുടിശ്ശിക ഇതുവരെ നല്‍കിയിട്ടില്ല. മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും ശമ്പളക്കുടിശ്ശികയും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കൊവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണെന്ന് സംഘടനകള്‍ ആരോപിക്കുന്നു.

 

 

Top