Pay Rs 25 lakh today, rest in 3 weeks, court tells

ന്യൂഡല്‍ഹി: യമുനാ തീരത്തെ ലോക സാംസ്‌കാരികോത്സവത്തിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പച്ചക്കൊടി. പിഴയായി ചുമത്തിയ അഞ്ചു കോടി രൂപയില്‍ 25 ലക്ഷം രൂപ വെള്ളിയാഴ്ച തന്നെ കെട്ടിവയ്ക്കാമെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സംഘാടകര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ട്രൈബ്യൂണല്‍ പരിപാടി നടത്തുന്നതിന് അനുമതി നല്‍കിയത്.

ബാക്കിവരുന്ന 4.75 കോടി രൂപ പിഴ മൂന്നാഴ്ചയ്ക്കുള്ളില്‍ ഒടുക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ നാലിനാണ് അടുത്തതായി വാദം കേള്‍ക്കുന്നത്.

നേരത്തെ, നടപടികള്‍ ആരംഭിച്ചപ്പോള്‍ പിഴയടയ്ക്കില്ലെന്നും ആവശ്യമെങ്കില്‍ ജയിലില്‍ പോകാന്‍ തയാറാണെന്നും ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞിട്ടുണ്ടോയെന്ന് സംഘാടകരോട് ട്രൈബ്യൂണല്‍ ആരാഞ്ഞു. പിഴയുടെ ബാക്കി അടയ്ക്കുന്നതിന് ആര്‍ട്ട് ഓഫ് ലിവിംഗിന് സാധിച്ചില്ലെങ്കില്‍ സാംസ്‌കാരിക വകുപ്പ് അനുവദിച്ചിരിക്കുന്ന 2.25 കോടി രൂപ പിടിച്ചുവയ്ക്കണമെന്നും കോടതി നിര്‍ദേശം നല്‍കി.

നേരത്തെ, തങ്ങള്‍ ചാരിറ്റബിള്‍ സംഘടനയാണെന്നും ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ അഞ്ചുകോടി രൂപ കണ്ടെത്താന്‍ കഴിയില്ലെന്നും ആര്‍ട്ട് ഓഫ് ലിവിംഗ് കോടതിയെ അറിയിച്ചിരുന്നു. പണമൊടുക്കുന്നതിന് നാലാഴ്ചത്തെ സമയം അനുവദിക്കണമെന്നും ആര്‍ട്ട് ഓഫ് ലിവിംഗ് ആവശ്യപ്പെട്ടു.

ജയിലില്‍ പോകേണ്ടിവന്നാലും ട്രൈബ്യൂണല്‍ വിധിച്ച അഞ്ചുകോടി രൂപ പിഴയടയ്ക്കില്ലെന്ന് ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Top