ദോഹ : മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച ദോഹയില്‍ നടക്കാനിരുന്ന താരനിശ റദ്ദാക്കി. അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെ നൂറോളം നടീനടന്മാര്‍ വ്യാഴാഴ്ച എത്തി റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കി സ്റ്റേഡിയത്തിലേക്കു തിരിക്കുന്നതിനു തൊട്ടുമുന്‍പാണ് താരനിശ റദ്ദാക്കിയുള്ള അറിയിപ്പ് എത്തിയത്.
സ്റ്റേജ്, ശബ്ദ സംവിധാനം എന്നിവ ഒരുക്കിയെങ്കിലും സ്റ്റേഡിയത്തിന്റെ വാടക പൂര്‍ണമായി കൊടുക്കാത്തതിനാല്‍ ഗേറ്റ് തുറന്നു കൊടുത്തില്ല. പൊലീസ് എത്തിയാണ് കാണികളെ പിരിച്ചുവിട്ടത്. പണമിടപാട് സംബന്ധിച്ച തര്‍ക്കങ്ങളാണ് അസോസിയേഷന്റെ ധനസമാഹരണാര്‍ഥം സംഘടിപ്പിച്ച ചടങ്ങ് മുടങ്ങാന്‍ കാരണമായത്. സാങ്കേതിക കാരണങ്ങളാല്‍ ചടങ്ങ് റദ്ദാക്കിയെന്നും ടിക്കറ്റ് എടുത്തവര്‍ക്ക് പണം തിരിച്ചു നല്‍കുമെന്നും ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ’91’ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു.
പൃഥ്വിരാജ്, ദിലീപ്, ജയറാം, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്, നിഖില വിമല്‍, ഹണി റോസ്, മല്ലിക സുകുമാരന്‍, ശ്വേതാ മേനോന്‍, രമേശ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ റിഹേഴ്‌സലിനു വേണ്ടി ദിവസങ്ങളാണു ചെലവഴിച്ചത്. നാദിര്‍ഷ, ഇടവേള ബാബു, രഞ്ജിത് എന്നിവരായിരുന്നു ഷോ ഡയറക്ടര്‍മാര്‍. കഴിഞ്ഞ നവംബറില്‍ ഇതേ പരിപാടി സംഘടിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അനുമതി ലഭിച്ചിരുന്നില്ല. അപ്രതീക്ഷിത സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്ത കാരണങ്ങളാലാണ് ഷോ ഉപേക്ഷിച്ചതെന്ന് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോ. പ്രസിഡന്റ് ആന്റോ ജോസഫ് പറഞ്ഞു. നിര്‍മാതാക്കളും മറ്റു ചിലരും ഇപ്പോഴും ദോഹയില്‍ തുടരുകയാണ്.