ആക്രമണത്തിന് പാക്കിസ്ഥാൻ തയ്യാർ . . . അവരെ അവസാനിപ്പിക്കാൻ ഇന്ത്യയും . . .

സ്വന്തം ഓഫീസിലെ വൈദ്യുതി ബില്‍ അടക്കാന്‍ പോലും കാശില്ലാതെ ഇരുട്ടിന്റെ നിഴലില്‍ നില്‍ക്കുന്ന ലോകത്തെ ഏക പ്രധാനമന്ത്രിയാണ് ഇമ്രാന്‍ ഖാന്‍. പാക്കിസ്ഥാനിലെ നിലവിലെ ദയനീയ അവസ്ഥ പ്രകടമാക്കുന്നതാണ് ഈ സംഭവം. രാജ്യം ഇരുട്ടിലായാലും വേണ്ടില്ല ഇന്ത്യയെ ആക്രമിക്കണമെന്ന മാനസികാവസ്ഥയിലാണിപ്പോള്‍ പാക്കിസ്ഥാന്‍. വിനാശകാലേ വിപരീത ബുദ്ധി എന്ന് പറയുന്നത് ഇതിനെയൊക്കെയാണ്.

പാക്കിസ്ഥാന്‍ ഭീകരരെയും കമാന്‍ഡോകളെയും ഇന്ത്യയിലേക്ക് കടത്തിയിരിക്കുന്നതായാണ് ഏറ്റവും ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. സമുദ്രത്തിന് അടിയിലൂടെയുള്ള ഒരാക്രമണത്തിനുള്ള സാധ്യതയാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കാണുന്നത്. അതായത് പുല്‍വാമ ആക്രമണത്തിനും ബാലക്കോട്ടെ തിരിച്ചടിക്കും ശേഷം വീണ്ടും ഒരു സംഘര്‍ഷ സാധ്യതയാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.

ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലോ യുദ്ധമുണ്ടാകുമെന്ന പാക്ക് മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പാക്ക് നീക്കങ്ങളും ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണവും പാക്കിസ്ഥാന്‍ നടത്തി കഴിഞ്ഞു. ഒരാക്രമണം, അത് തന്നെയാണ് പാക്ക് ലക്ഷ്യമെന്ന് വ്യക്തമാണ്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ നടപടി മാത്രമല്ല, ഇന്ത്യ കൂടുതല്‍ കരുത്താര്‍ജിച്ച് കൊണ്ടിരിക്കുന്ന സാഹചര്യം കൂടി മുന്‍നിര്‍ത്തിയാണ് ഈ അസഹിഷ്ണുത. റഷ്യയുടെ ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനം എസ് 400 ട്രയംഫ് കൂടി ഇന്ത്യയില്‍ എത്തുന്നതോടെ ഇന്ത്യയെ തൊടാന്‍ പറ്റില്ലെന്ന ഭീതി പാക്ക് സൈന്യത്തിനുണ്ട്. അതു കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ഒരു സംഘര്‍ഷത്തിലേക്ക് ആ രാജ്യം നീങ്ങുന്നത്.

എന്നാല്‍ ഇനി ഒരു പ്രകോപനം ഉണ്ടായാല്‍ അത് പാക്കിസ്ഥാന്റെ അവസാനത്തിന്റെ ആരംഭമായിരിക്കും. ഇക്കാര്യം വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ തന്നെ സമ്മതിക്കുന്നുമുണ്ട്. ആയുധകരുത്തിലും സൈനിക ശേഷിയിലും ഇന്ത്യയോട് മുട്ടി നില്‍ക്കാനുള്ള ശേഷി പാക്കിസ്ഥാന് ഒരു കാലത്തും ഉണ്ടായിട്ടില്ല. ചൈനയുടെ സൈനിക സഹായം പ്രതീക്ഷിച്ചാണ് നീക്കമെങ്കില്‍ അത് കിട്ടാനുള്ള സാധ്യതയും വളരെ കുറവാണ്.

ചൈന പാക്കിസ്ഥാനെ സഹായിച്ചാല്‍ ഇന്ത്യക്കൊപ്പം നിന്ന് പ്രതിരോധിക്കാന്‍ റഷ്യയും നിര്‍ബന്ധിതമാകും. മാത്രമല്ല ഹോങ്കോങ് വിഷയം കത്തി നില്‍ക്കുന്നതും ചൈനയെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ചൈന പാക്കിസ്ഥാനെ സഹായിക്കുന്ന നിലപാടിലേക്ക് പോയാല്‍ ഹോങ്കോങ്ങില്‍ പിടിമുറുക്കാന്‍ അമേരിക്കയ്ക്കാണ് അത് അവസരം നല്‍കുക. ഇതും ചൈനയെ സംബന്ധിച്ച് പിറകോട്ടടിപ്പിക്കുന്ന ഘടകമാണ്.

എന്നാല്‍ ഈ യാഥാര്‍ത്ഥ്യം ഒന്നും മനസ്സിലാക്കാതെയാണ് പാക്കിസ്ഥാനിലെ പട്ടാള ഭരണകൂടം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ ഇന്ത്യയുമായി ഒരു യുദ്ധമാണ് ആഗ്രഹിക്കുന്നത്. ആണവായുധം പ്രയോഗിക്കുമെന്നാണ് ഭീഷണി. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ മിസൈല്‍ പരീക്ഷണങ്ങള്‍. എന്നാല്‍ ഇസ്രയേല്‍ ടെക്‌നോളജിയില്‍ തീര്‍ത്ത ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തെ തകര്‍ക്കുക അത്രയെളുപ്പമുള്ള കാര്യമൊന്നുമല്ല.

ലോക സൈനിക കരുത്തില്‍ നാലാമത്തെ വലിയ ശക്തിയാണ് ഇന്ത്യ. ആയുധ ശേഷിയുടെ പട്ടികയിലും വലിയ മുന്നേറ്റമാണ് സമീപകാലത്ത് ഇന്ത്യ നടത്തിയിരിക്കുന്നത്. കരസേനയുടെ അംഗബലത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. പാക്കിസ്ഥാനാകട്ടെ പതിമൂന്നാം സ്ഥാനത്ത് മാത്രമാണുള്ളത്. സൈനിക അംഗസംഖ്യയില്‍ ഒന്നാമത് ചൈനയാണെങ്കിലും തന്ത്രങ്ങളുടെ കാര്യത്തില്‍ മുന്നില്‍ ഇന്ത്യ തന്നെയാണുള്ളത്.

13,62,500 സൈനികരാണ് ഇന്ത്യന്‍ കരസേനക്കുള്ളത്. ഏഴ് കമാന്‍ഡര്‍മാര്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരസേന രാജ്യത്തെ മൊത്തം സൈനിക ശേഷിയുടെ 80 ശതമാനത്തോളം വരും. മിഗ് 29, മിറാഷ്, സുഖോയ്, ബോയിംഗ്, ജാഗ്വാര്‍ തുടങ്ങി ലോകത്തില്‍ മുന്‍പന്തിയുള്ള എല്ലാ യുദ്ധവിമാനങ്ങളും ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്തായുണ്ട്. ഫ്രാന്‍സിന്റെ റഫേല്‍ യുദ്ധവിമാനങ്ങളും അതികം താമസിയാതെ ഇന്ത്യന്‍ സേനയുടെ ഭാഗമാകും. ഈ ശ്രേണിയിലേക്ക് ലോകത്തെ നമ്പര്‍ വണ്‍ അറ്റാക്ക് ഹെലിക്കോപ്റ്ററായ അപ്പാച്ചെയുമെത്തിയിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമസേനക്കുള്ള 2,102 വിമാനങ്ങളില്‍ 676 എണ്ണവും യുദ്ധവിമാനങ്ങളാണ്. മിഗ്, ദ്രുവ്, ഡോര്‍ണിയര്‍ തുടങ്ങി ജര്‍മ്മന്‍, ഇസ്രയേല്‍ യുദ്ധവിമാനങ്ങളെല്ലാം വ്യോമസേനയുടെ ഭാഗമാണ്. ഒരുലക്ഷത്തി നാല്പതിനായിരം സൈനികരാണ് വ്യോമസേനക്കുള്ളത്. 137 യുദ്ധക്കപ്പലുകളും 223 യുദ്ധവിമാനങ്ങളും അടങ്ങുന്ന ഇന്ത്യന്‍ നാവികസേനയുടെ പകുതിയോളം ശേഷി മാത്രമാണ് പാക്കിസ്ഥാനുള്ളത്. 15 മുങ്ങിക്കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത് എപ്പോഴും എന്തിനും സജ്ജമായി നില്‍ക്കുകയാണ്.

അതിര്‍ത്തി രക്ഷാ സേന, തീരസേന എന്നിവയെല്ലാം ഇതിന് പുറമെയുള്ള കരുത്തുകളാണ്. ഇസ്രയേലില്‍ നിര്‍മ്മിച്ച 218 ആളില്ലാ യുദ്ധവിമാനങ്ങള്‍ ഇപ്പോഴും അതിര്‍ത്തിരക്ഷാ സേനയുടെ കുന്തമുനയാണ്. അമേരിക്കയുടെ ആധുനിക യുദ്ധ വിമാനങ്ങളേയും മിസൈലുകളേയും ചാരമാക്കാന്‍ കഴിയുന്ന റഷ്യയുടെ ട400 ട്രയംഫ് ഉം അധികം വൈകാതെ തന്നെ ഇന്ത്യ സ്വന്തമാക്കാന്‍ പോകുന്ന കരുത്താണ്. 42,000 കോടിയുടെ കരാറാണ് ഇത് സംബന്ധമായി റഷ്യയുമായി ഇന്ത്യ ഒപ്പുവെച്ചിരിക്കുന്നത്. സൈനികരെ പൂര്‍ണ്ണമായും ആധുനികവത്ക്കരിക്കുന്നതിനുള്ള നടപടികളും ധ്രുതഗതിയില്‍ നടന്ന് വരികയാണ്. സൈനിക നീക്കങ്ങള്‍ക്ക് വേഗതയും കൃത്യതയും ഏകോപനവും ഉറപ്പുവരുത്താന്‍ പുതിയ സൈനീക തലവന്റെ വരവോടെ സാധ്യമാകും.

ഫ്രാന്‍സിന്റെ റഫേല്‍ യുദ്ധവിമാനങ്ങളും ഇന്ത്യയുടെ സൈനിക ശക്തി പത്തിരട്ടിയായി വര്‍ദ്ധിപ്പിക്കുന്നതാണ്. അടുത്തയിടെയാണ് ലോകത്തെ നമ്പര്‍ വണ്‍ അറ്റാക്ക് ഹെലികോപ്റ്ററായ അപ്പാച്ചെ ഇന്ത്യസേനയുടെ ഭാഗമായി തീര്‍ന്നിരുന്നത്. കര- നാവിക- വ്യോമസേനകളുടെ ആധുനീകവല്‍ക്കരണം വലിയ ആത്മവിശ്വാസമാണ് ഇന്ത്യന്‍ സേനയ്ക്ക് നല്‍കിയിരിക്കുന്നത്.

ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ ചിന്തിക്കും മുന്‍പ് ഇന്ത്യ തന്നെ ചിലപ്പോള്‍ ആ സാഹസം തിരിച്ചും പ്രയോഗിക്കാനും സാധ്യത കൂടുതലാണ്. ഇന്ത്യയുടെ ആണവ നയത്തില്‍ മാറ്റം വരുത്തുമെന്ന സൂചന കേന്ദ്ര പ്രതിരോധ മന്ത്രി തന്നെ ഇതിനകം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദും വ്യാവസായിക തലസ്ഥാനമായ കറാച്ചിയും നിമിഷങ്ങള്‍ക്കകം ഭസ്മമാക്കാനുള്ള മിസൈല്‍ നിലവില്‍ ഇന്ത്യയ്ക്കുണ്ട്. ഏത് തരം പ്രകോപനം പാക്ക് സൈന്യത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായാലും പാക്ക് അധീന കശ്മീര്‍ ഇന്ത്യന്‍ സേന പിടിച്ചെടുക്കുമെന്ന കാര്യവും ഉറപ്പാണ്.

പാക്ക് പ്രകോപനത്തിന്റെ തോതിന് അനുസരിച്ച് ഇന്ത്യന്‍ തിരിച്ചടിയുടെ ശക്തിയും കൂടാനാണ് സാധ്യത. ചുരുക്കി പറഞ്ഞാല്‍ ഒരു യുദ്ധം പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിന് അവര്‍ കൊടുക്കേണ്ടി വരുന്ന വിലയും വളരെ വലുതായിരിക്കും. അക്കാര്യം ഉറപ്പാണ്. ഇന്ത്യന്‍ പക്ഷത്ത് 10 ജീവഹാനി ഉണ്ടായാല്‍ 10,000 പേരെ പാക്കിസ്ഥാനും നഷ്ടപ്പെടുത്തേണ്ടി വരും.

Political Reporter

Top