പേപാല്‍ ഇന്ത്യയിലെ ആഭ്യന്തര പേയ്‌മെന്റ് ബിസിനസ്സുകൾ അവസാനിപ്പിക്കുന്നു

ഡൽഹി: ഓൺലൈൻ പേയ്മെൻ്റ് സംവിധാനമായ പേപാല്‍ ഇന്ത്യ വിടുന്നു. ഏപ്രില്‍ ഒന്നു മുതൽ ഇന്ത്യയിലെ എല്ലാ ആഭ്യന്തര പേയ്‌മെന്റ് ബിസിനസ്സുകളും അവസാനിപ്പിക്കുകയാണെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, രാജ്യാന്തര പണമിടപാടുകൾക്കുള്ള സേവനം ഇനിയും തുടരും. അതായത്, വിദേശത്ത് നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയിലുള്ളവർക്ക് വിദേശത്തേക്കും പണമയക്കുന്നതിന് തടസങ്ങളുണ്ടാവില്ല.

കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പേപാല്‍ ആഗോള ഉപഭോക്താക്കള്‍ക്കുള്ള സേവനം ഉപയോഗിച്ച് ഇന്ത്യന്‍ വ്യാപാരികള്‍ക്ക് പണം തുടര്‍ന്നും നല്‍കും. എന്നാല്‍ ഇന്ത്യയില്‍ മാത്രമായുണ്ടായിരുന്ന ബിസിനസ്സ് പോലെയാകില്ല ഇതെന്നു മാത്രം. യാത്ര, ടിക്കറ്റിംഗ് സേവനമായ മെയ്ക്ക് മൈ ട്രിപ്പ്, ഓണ്‍ലൈന്‍ ഫിലിം ബുക്കിംഗ് ആപ്ലിക്കേഷന്‍ ബുക്ക് മൈഷോ, ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ സ്വിഗ്ഗി തുടങ്ങി നിരവധി ഇന്ത്യന്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളില്‍ പേപാല്‍ പേയ്‌മെന്റ് ഓപ്ഷനുകളായിരുന്നു. ഇതോടെ ഇവയില്‍ നിന്നെല്ലാം കമ്പനി പിന്മാറും. അതിനുള്ള സാങ്കേതികവിദ്യകളും അവസാനിപ്പിക്കുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.

Top