ദില്ലി : ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്, ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചു. ഒന്നിലധികം ഡിവിഷനുകളിലായി കുറഞ്ഞത് 1,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പേടിഎമ്മിലെ തൊഴിലാളികളിൽ കുറവ് വന്നിട്ടുണ്ടെന്ന് പേടിഎം വക്താവ് സ്ഥിരീകരിച്ചു. ഓപ്പറേഷൻസ് ആന്റ് മാർക്കറ്റിംഗ് ടീമിലെ തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്.
ഒക്ടോബറിൽ തന്നെ പേടിഎം പിരിച്ചുവിടൽ നടപടികൾ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതിക വിദ്യ സംയോജിപ്പിച്ച് ആവർത്തിച്ചുള്ള ജോലികൾക്ക് സാങ്കേതിക വിദ്യയെ ഉപയോഗിക്കാനാണ് തീരുമാനമെന്ന് കമ്പനി ലക്ഷ്യമിടുന്നതെന്ന് വക്താവ് എടുത്തുപറഞ്ഞു. എഐ പവേവർഡ് ഓട്ടോമേഷൻ ഉപയോഗിച്ച് ചില ജോലികൾ ചെയ്യുന്നു. കാര്യക്ഷമത വർധിപ്പിക്കാനും ചെലവ് ചുരുക്കാനും എഐ സാങ്കേതിക വിദ്യ സഹായകമാകുന്നുവെന്നും പേടിഎം വക്താവ് പറഞ്ഞു. എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിലൂടെ ജീവനക്കാരുടെ ചെലവിൽ 10-15 ശതമാനം ലാഭിക്കാൻ കമ്പനിക്ക് കഴിയുമെന്ന് വക്താവ് കൂട്ടിച്ചേർത്തു.
അതേസമയം, വരും വർഷത്തിൽ പേയ്‌മെന്റ് ബിസിനസിൽ 15,000 പേരെ ജോലിക്കെടുക്കുമെന്നും കമ്പനി അറിയിച്ചു. പേയ്‌മെന്റ് പ്ലാറ്റ്‌ഫോമിലെ പ്രബലമായ സ്ഥാനമായതിനാൽ രാജ്യത്തിന്റെ നവീകരണം തുടരുമെന്നും ഇൻഷുറൻസ്, ഫിനാൻസ് മേഖലകളിൽ ബിസിനസ് വ്യാപിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.