മുംബൈ: ഉപയോക്താക്കള്‍ക്ക് ഏതു ബില്ലും ഏതു സമയവും എവിടെ നിന്നും അടയ്ക്കാവുന്ന ഭാരത് ബില്‍ പേമെന്റ് സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ പേ ടിഎമ്മിനും പേ യു ഇന്ത്യക്കും തത്ത്വാധിഷ്ഠിത അനുമതി.
ബില്‍ പേമെന്റ് സേവനത്തിനായുള്ള പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഇവര്‍ ചെയ്യുക. ഇതിനായി ഇരു കമ്പനികളും സഹകരിച്ച് പ്രവര്‍ത്തിക്കും.
ബില്‍ പേമെന്റിനായുള്ള സംയോജിത പദ്ധതിയാണ് ഭാരത് ബില്‍ പേമെന്റ് സംവിധാനം. ഓണ്‍ലൈനായും ഓഫ് ലൈനായും ബില്ലടയ്ക്കാനുള്ള അവസരമുണ്ടാകുമെന്നതിനു പുറമെ ഇതിനായി വിവിധ പണമടയ്ക്കല്‍ മാര്‍ഗങ്ങളും ഉപയോഗിക്കാം. പണമടയ്ക്കല്‍ വിജയകരമായതായി തത്സമയ സന്ദേശവും ലഭിക്കും.
ഇതുവരെ ഈ രംഗത്ത് ഒറ്റ ബ്രാന്‍ഡ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പരമ്പരാഗത രീതികള്‍ക്ക് മാറ്റം വരുത്തി പരസ്പര ബന്ധിതമായ രീതിയില്‍ പല കമ്പനികളെ കൊണ്ടുവരുന്നതിനായാണ് റിസര്‍വ് ബാങ്കിന്റെ ഈ നടപടി.
നിലവില്‍ ബഹു ഭൂരിപക്ഷം ഉപയോക്താക്കള്‍ക്കും ഇലക്‌ട്രോണിക് പേമെന്റ് സംവിധാനത്തെക്കുറിച്ച് കാര്യമായ ധാരണയില്ല. പുതിയ സംവിധാനം വരുന്നതോടെ ഇത്തരക്കാരെ കൂടി ഉള്‍ക്കൊള്ളിക്കാനാകുമെന്നാണ് പ്രതീക്ഷ.
ചില മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നതെന്ന് പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 സ്ഥാപകന്‍ വിജയ്‌ശേഖര്‍ ശര്‍മ പറഞ്ഞു.
ആഗസ്ത് സപ്തംബര്‍ മാസത്തോടെ പേമെന്റ് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുന്നതിന്റെ ഭാഗമായിട്ടായിരിക്കും പേമെന്റ് യൂണിറ്റ് തുടങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ബില്‍ പേമെന്റ് സംവിധാനത്തിന്റെ ഭാഗമാകാന്‍ ബാങ്കിങ് രംഗത്തുനിന്ന് 80 അപേക്ഷകളാണ് റിസര്‍വ് ബാങ്കിന് ലഭിച്ചത്. ഇതുവരെ 33 പേര്‍ക്ക് ഈ അനുമതി ലഭിച്ചിട്ടുണ്ട്.
എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി. എന്നീ ബാങ്കുകളും ഇതില്‍പ്പെടും.