പയ്യന്നൂര്‍: കണ്ണൂരില്‍ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസുകാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിയോടിച്ചു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് ടൗണ്‍ ബാങ്കിലെ നിയമനവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന് ആരോപിച്ച് രാവിലെ യൂത്ത് കോണ്‍ഗ്രസ് ബാങ്കിന് മുന്നില്‍ ഉപരോധ സമരം തുടങ്ങിയിരുന്നു.
സമരം പുരോഗമിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരുപറ്റം ബാങ്ക് ജീവനക്കാരും എത്തി യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിയോടിച്ചത്. അനിശ്ചിതകാല സത്യാഗ്രഹസമരത്തിന് നേതൃത്വം നല്‍കിയ യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് റജീഷ് കണ്ണോത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
ബാങ്ക് കെട്ടിടത്തിന് സമീപത്തുള്ള കടവരാന്തയിലാണ് സത്യഗ്രഹത്തിന് വേദിയൊരുക്കിയിരുന്നത്. സമരം ആരംഭിച്ചതോടെയാണ് പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദ്ദിച്ചത്.
സമരവേദിയില്‍ ഇട്ടിരുന്ന കസേര ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണം തടയാന്‍ ശ്രമിക്കുമ്പോഴാണ് റജീഷിന് മര്‍ദ്ദനമേറ്റത്. പരിക്കുകളോടെ റജീഷ് സമരരംഗത്ത് തുടരുകയാണ്.
പോലീസ് സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും സംഘര്‍ഷാവസ്ഥ തുടരുകയാണ്. രാവിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിമന്ദിരം സമരാനുകൂലികള്‍ താഴിട്ടുപൂട്ടിയിരുന്നു.
കോണ്‍ഗ്രസ് നേതാക്കളെത്തിയാണ് പൂട്ടുപൊളിച്ചത്. ചൊവ്വാഴ്ച രാത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായിരുന്നു.
സജീവ പ്രവര്‍ത്തകരെ തഴഞ്ഞ് നേതാക്കളുടെ സ്വന്തക്കാര്‍ക്ക് പിന്‍വാതിലിലൂടെ ബാങ്കില്‍ നിയമനം നല്‍കിയതിനെതിരേ നേരത്തെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധിമന്ദിരത്തിന് മുന്നില്‍ സമരം നടത്തിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഭരണസമിതിയുടെ റാങ്ക് ലിസ്റ്റ് മരവിപ്പിക്കുകയും ചെയ്തു. സജീവ പ്രവര്‍ത്തകരെ മാത്രമേ പരിഗണിക്കുകയുള്ളുവെന്ന് തെളിവെടുപ്പിനു ശേഷം കെപിസിസി നേതാക്കള്‍ പരാതിക്കാരെ അറിയിക്കുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് പുതിയ നിയമനവുമായി മുന്നോട്ടുപോകാനുള്ള അനുമതി സഹകരണ രജിസ്ട്രാര്‍ നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ ഇന്നു മുതല്‍ ബാങ്കിന് മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചത്. ഇതേച്ചൊല്ലിയുള്ള വാക്കേറ്റമാണ് ചൊവ്വാഴ്ച രാത്രി തമ്മില്‍ത്തല്ലില്‍ കലാശിച്ചത്.