മനോജ് വധക്കേസ് ; പാര്‍ട്ടിയിലെ വിഭാഗീയത ബലിയാടാക്കിയെന്ന് സിപിഎം പ്രവര്‍ത്തകന്‍

cpm

തിരുവനന്തപുരം: പയ്യോളി മനോജ് വധക്കേസില്‍ സിബിഐ അന്വേഷണം ശരിയായ ദിശയിലെന്ന് ആദ്യ പ്രതിയാക്കിയ സിപിഎം പ്രവര്‍ത്തകന്‍ ബിജു.

പാര്‍ട്ടിയിലെ വിഭാഗീയതയാണ് തന്നെ ബലിയാടാക്കിയതെന്നും, പ്രതികള്‍ വി.എസ് പക്ഷക്കാരാണെന്ന് ബോധപൂര്‍വ്വം പ്രചരിപ്പിച്ചിരുന്നുവെന്നും ബിജു വെളിപ്പെടുത്തി.

കേസില്‍ പൊലീസ് ചേര്‍ത്ത മൂന്നാം പ്രതിയായിരുന്നു വടക്കേല്‍ ബിജു. ഒന്നര വര്‍ഷം മുന്‍പാണ് കേസ് സിബിഐക്ക് കൈമാറിയത്.

സി.ടി. മനോജിനെ വധിച്ചകേസില്‍ ലോക്കല്‍ പൊലീസ് സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കേസ് ഏറ്റെടുത്ത സി.ബി.ഐ, സമഗ്രാന്വേഷണം നടത്തി അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

മനോജിന്റെ സുഹൃത്ത് സജാദ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ നിര്‍ദേശം. കേസ് സി.ബി.ഐ.യ്ക്ക് വിട്ടശേഷവും അന്വേഷണത്തില്‍ പൊലീസ് ഇടപെടുന്നുവെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. മുമ്പ് കേസ് അന്വേഷിച്ച സി.ഐ. ആദ്യത്തെ മൊഴിയില്‍ ഉറച്ചുനില്‍ക്കാന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

2012 ഫെബ്രുവരി 12നാണ് പയ്യോളി മനോജിനെ ഒരുസംഘം വീട്ടില്‍ക്കയറി കൊലപ്പെടുത്തിയത്. ആദ്യം അന്വേഷിച്ച ലോക്കല്‍ പോലീസ്, സി.പി.എം. ലോക്കല്‍ സെക്രട്ടറിയടക്കം 15 പേരെ പ്രതിചേര്‍ത്ത് കോഴിക്കോട് കോടതിയില്‍ കുറ്റപത്രം നല്‍കി. എന്നാല്‍, വിചാരണ തുടങ്ങാനിരിക്കേ തങ്ങളല്ല യഥാര്‍ഥപ്രതികളെന്നും പാര്‍ട്ടിയും പോലീസും ചേര്‍ന്ന് കുടുക്കിയതാണെന്നും ഇവര്‍ മൊഴിനല്‍കി. നുണപരിശോധനയ്ക്ക് തയ്യാറാണെന്നും പറഞ്ഞു. തുടര്‍ന്നാണ് സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതിയില്‍ ഹര്‍ജി വന്നതും കോടതി അനുകൂല ഉത്തരവിട്ടതും.

Top