ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സി.പി.എം കേന്ദ്ര കമ്മിറ്റിയില്‍ സമവായമാകാത്തതോടെ ഇക്കാര്യം നാളെ വോട്ടിനിടും. കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്നും രാഷ്ട്രീയ നയത്തില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നുമുള്ള നിലപാടില്‍ കാരാട്ട് പക്ഷം ഉറച്ചു നിന്നതോടെയാണ് തീരുമാനം വോട്ടെടുപ്പിലെത്തിയത്.
അതേസമയം എട്ട് സംസ്ഥാന കമ്മിറ്റികള്‍ യെച്ചൂരിയുടെ അഭിപ്രായത്തെ പിന്തുണച്ചു. രേഖ തള്ളിയാലും ജനറല്‍ സെക്രട്ടറി സ്ഥാനം യെച്ചൂരി രാജി വയ്‌ക്കേണ്ടതില്ലെന്നും ബംഗാള്‍ ഘടകം വ്യക്തമാക്കി.
കോണ്‍ഗ്രസുമായി ഒരു ധാരണയും വേണ്ടെന്ന പ്രകാശ് കാരാട്ടിന്റെ നിലപാടിനെയാണ് കേന്ദ്ര കമ്മിറ്റിയില്‍ സംസാരിച്ച ഭൂരിഭാഗം അംഗങ്ങളും പിന്തുണച്ചത്. യെച്ചൂരിയെ പിന്തുണയ്ക്കുന്ന വി.എസ്. അച്യുതാനന്ദന്റെ ഒഴിച്ചാല്‍ കേരള ഘടകവും കാരാട്ടിനൊപ്പമാണ് നിന്നത്. സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രയോഗിക രാഷ്ട്രീയ നയം എന്നതാണ് ബംഗാള്‍ ഘടകത്തിന്റെ നിലപാട്.
ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും പരിഗണിക്കമെന്ന് ബംഗാള്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.