ലേശം ഉളുപ്പ്… അങ്ങനെ ഒന്നുണ്ടായിരുന്നു എങ്കില്‍ ഒരിക്കലും ഇത്തരമൊരു അവകാശവാദം കോണ്‍ഗ്രസ്സ് ഉയര്‍ത്തില്ലായിരുന്നു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ മന:പൂര്‍വ്വം വിട്ടുവീഴ്ച ചെയ്തതായാണ് അവരുടെ അവകാശവാദം. കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭ എം.പിയുമായ കെ.ടി.എസ് തുള്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
അതായത് പെട്ടി തുറക്കും മുന്‍പ് ഒന്നാന്തരം ഒരു ജാമ്യമെടുക്കല്‍. അതാണ് കോണ്‍ഗ്രസ്സ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
വോട്ടിങ് കേന്ദ്രത്തില്‍ പോലും ആം ആദ്മി പ്രവര്‍ത്തകനെ തല്ലാന്‍ മടിക്കാത്തവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ എംഎല്‍എകൂടിയായ അല്‍ക ലാംബ ആം ആദ്മി പ്രവര്‍ത്തകനെ തല്ലാന്‍ കയ്യോങ്ങുന്ന വീഡിയോയും പോലീസുകാര്‍ പിടിച്ചുമാറ്റുന്ന വീഡിയോയും തുള്‍സി അടക്കമുള്ളവര്‍ വീണ്ടും കാണുന്നത് നല്ലതാണ്. ചാന്ദ്‌നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് പരസ്യമായി ഇത്തരം ഒരു പ്രവര്‍ത്തിക്ക് മുതിര്‍ന്നിരിക്കുന്നത്. ഡല്‍ഹിയിലെ പല കോണ്‍ഗ്രസ് നേതാക്കളുടേയും മാനസീകാവസ്ഥയും ഇതുതന്നെയാണ്. തല്ലാനുള്ള പക തലോടലായി മാറ്റി എന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ രാജ്യത്തെ ജനങ്ങളെല്ലാം വിഡ്ഢികളല്ല.
കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്നെ തകര്‍ന്നുകഴിഞ്ഞതാണ്. 70ല്‍ 67 സീറ്റ് നേടാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞത് കോണ്‍ഗ്രസിന്റെ ഈ തകര്‍ച്ചയില്‍ നിന്നാണ്. അതുകൊണ്ട് കോണ്‍ഗ്രസിന്റെ സഹായമൊന്നും പ്രത്യേകിച്ച് ഡല്‍ഹിയിലെ തുടര്‍ഭരണത്തിന് കെജരിവാളിന് ആവശ്യമില്ല. അവശേഷിക്കുന്ന കോണ്‍ഗ്രസ് വോട്ട് ബാങ്കില്‍ ഇത്തവണ കൈവെച്ചിരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ബിജെപിയാണ്.
എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളിയാണ് കോണ്‍ഗ്രസ് നേതാക്കളായ പിസി ചാക്കോയും, കീര്‍ത്തി ആസാദും നേരത്തെ രംഗത്ത് വന്നിരുന്നത്. ഭേദപ്പെട്ട പ്രകടനം പാര്‍ട്ടി കാഴ്ചവെയ്ക്കുമെന്നാണ് അവര്‍ അവകാശപ്പെട്ടിരുന്നത്.
‘ചത്തീസ്ഗഢിലും, ജാര്‍ഖണ്ഡിലും ഇത്തരം എക്സിറ്റ് പോള്‍ ഫലങ്ങള്‍ നമ്മള്‍ കണ്ടതാണ്. ഈ സര്‍വ്വെകള്‍ പറയുന്നതിലും മെച്ചമാകും കാര്യങ്ങള്‍. ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെടുന്നില്ല, പക്ഷെ സ്ഥിതി മെച്ചപ്പെടും’, ഇതായിരുന്നു ചാക്കോ പറഞ്ഞിരുന്നത്. ഈ മുന്‍ നിലപാടാണ് വോട്ട് എണ്ണുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസിപ്പോള്‍ വിഴുങ്ങിയിരിക്കുന്നത്.
ഡല്‍ഹിയില്‍ തലക്കുത്തി നിന്നാലും ഇനി ഭരണം കിട്ടാന്‍ സാധ്യതയില്ലെന്നാണ് പിസി ചാക്കോ ഫെബ്രുവരി പത്താം തീയതി പറഞ്ഞിരിക്കുന്നത്.
‘സാമുദായിക ധ്രുവീകരണവും രാഷ്ട്രീയ കാലാവസ്ഥയുമൊക്കെ കോണ്‍ഗ്രസിന് തിരിച്ചടിയായി. അതിനെയൊന്നും നേരിടാന്‍ പാര്‍ട്ടിക്ക് സാധിച്ചില്ല. പി.സി.സി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നാല് നേതാക്കന്മാരുടെ മക്കള്‍ മത്സരിച്ചു. ചില നേതാക്കളുടെ ഭാര്യമാര്‍ മത്സരിച്ചു. ഇതൊന്നും ജനങ്ങള്‍ക്കിടയില്‍ നല്ല സന്ദേശമല്ല നല്‍കിയത്. ഇതൊക്കെ താന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചൂണ്ടിക്കാണിച്ചതാണ്. പക്ഷേ, കോണ്‍ഗ്രസ് പ്രസിഡന്റ് ഒരു തീരുമാനമെടുത്ത് കഴിഞ്ഞാന്‍ പിന്നെ ഞാനെന്ത് ചെയ്യാനാണ്’?ഫലം വരുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ചാക്കോ പ്രതികരിച്ചത് ഇങ്ങനെയാണ്.
ഡല്‍ഹിയുടെ ചുമതലയുണ്ടായിരുന്നിട്ടുകൂടി പല തീരുമാനങ്ങളും തനിക്കെടുക്കാന്‍ പറ്റാത്ത ഒരു സ്ഥിതിയാണുണ്ടാിരുന്നതെന്നും ചാക്കോ ചൂണ്ടിക്കാട്ടുന്നുണ്ട്. എല്ലാ കാര്യങ്ങളിലും അഹമ്മദ് പട്ടേലിന്റെ കൈകടത്തലുണ്ടായിരുന്നു. പല നിര്‍ണായക കാര്യങ്ങളിലും പട്ടേല്‍ ഏകപക്ഷീയമായ തീരുമാനമെടുത്തു. ഡല്‍ഹിയില്‍ പല വിധത്തിലുള്ള വ്യക്തി താത്പര്യങ്ങളും പാശ്ചാത്യ താത്പര്യങ്ങളുമുള്ള നേതാവാണ് അഹമ്മദ് പട്ടേല്‍. പാര്‍ട്ടിയെ തോല്‍പ്പിക്കുന്ന തരത്തില്‍ എന്തിനാണ് പട്ടേല്‍ ഇത്തരത്തിലുള്ള ഇടപെടല്‍ നടത്തിയതെന്ന് ഇനിയും മനസിലായിട്ടില്ലെന്നും ചാക്കോ തുറന്നടിച്ചിട്ടുണ്ട്. തങ്ങള്‍ കൂട്ടായെടുത്ത പല തീരുമാനങ്ങളും നടപ്പായില്ല. പാര്‍ട്ടി തീരുമാനങ്ങളെല്ലാം അഹമ്മദ് പട്ടേല്‍ അട്ടിമറിച്ചെന്നും ചാക്കോ ആരോപിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്റിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഉന്നതനേതാവിന്റ ഈ ആരോപണം.
പരാജയത്തിന്റെ ഉത്തരവാദിത്വം സോണിയഗാന്ധിയുടെ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേലിന്റെ ചുമലില്‍ വെക്കാനാണ് ചാക്കോയും സഹപ്രവര്‍ത്തകരും ശ്രമിക്കുന്നത്. അഹമ്മദ് പട്ടേലിന്റെ ഇടപെടലുകള്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതായി പ്രാദേശിക നേതാക്കളും തുറന്നുപറഞ്ഞിട്ടുണ്ട്. വോട്ടെണ്ണുന്നതിന് മുന്‍പ് തന്നെ കനത്ത തോല്‍വി സമ്മതിച്ചിരിക്കുകയാണിപ്പോള്‍ കോണ്‍ഗ്രസ്.
ഡല്‍ഹിയില്‍ ഏറ്റവും കനത്ത പ്രഹരം ഏറ്റുവാങ്ങുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സായിരിക്കും എന്നത് കൊച്ചു കുട്ടികള്‍ക്ക് പോലും അറിയാവുന്ന കാര്യമാണ്. അതിന് ബാലറ്റ് പെട്ടി പൊട്ടിക്കേണ്ട ആവശ്യം പോലുമില്ല.
ഷീല ദീക്ഷിദിലൂടെ ഡല്‍ഹി ഭരിച്ച് മുടിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്.പഴയ പ്രതാപകാലം,കുട്ടികള്‍ക്ക് പഠിക്കാന്‍ പറഞ്ഞ് കൊടുക്കുക മാത്രമേ ഇനി അവര്‍ക്ക് മുന്‍പില്‍ പോംവഴിയൊള്ളൂ. അത്രക്കും ദയനീയമാണ് രാജ്യ തലസ്ഥാനത്തെ കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ.
ആം ആദ്മി പാര്‍ട്ടിയുടെ ഉദയമാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ അസ്തമയമായത്.
കോണ്‍ഗ്രസ്സ് നേതാക്കളും പ്രവര്‍ത്തകരും ‘കൈ’ വിട്ട് കൂട്ടത്തോടെ ചൂലേന്തിയത് തന്നെ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രഹരിക്കുന്നതിന് വേണ്ടികൂടിയാണ്.
ആം ആദ്മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് ഡല്‍ഹിയില്‍ നടന്നിരിക്കുന്നത്. ഇവിടെ കോണ്‍ഗ്രസ്സ് ചിത്രത്തില്‍ തന്നെ ഇല്ലായിരുന്നു എന്നതാണ് സത്യം. സോണിയ ഗാന്ധിയുടെയും രാഹുലിന്റെയും പ്രിയങ്കയുടെയും തട്ടകത്തിലാണ് ഈ അവസ്ഥ എന്നതും നാം ഓര്‍ക്കണം.
കെജരിവാള്‍ വിജയിച്ചാല്‍ അത് വികസനത്തിന്റെ വിജയമായിരിക്കുമെന്നാണ് കോണ്‍ഗ്രസ്സ് എം.പി തുള്‍സി പറയുന്നത്. ഗതികേട് എന്നല്ലാതെ മറ്റൊന്നും തന്നെ ഇതിനെ വിശേഷിപ്പിക്കാനില്ല.
ഏറെക്കാലം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ്സ് ഡല്‍ഹിയില്‍ തകര്‍ന്നടിഞ്ഞത് അവരുടെ കയ്യിലിരിപ്പ് കൊണ്ടു മാത്രമാണ്.
ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഡല്‍ഹിയില്‍ നടന്നത് കൊടും അഴിമതിയാണ്. അതിന്റെ പരിണിത ഫലമാണ് ഇന്നും കോണ്‍ഗ്രസ്സ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. വലിയ അഹങ്കാരമാണ് കോണ്‍ഗ്രസ്സ് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും കാണിച്ചത്.
ആം ആദ്മി പാര്‍ട്ടി, സഖ്യത്തിന് തയ്യാറായിട്ടും ഷീല ദീക്ഷിതിന്റെ പിടിവാശിയില്‍ സഖ്യ സാധ്യത തകരുകയായിരുന്നു. ഡല്‍ഹിയുടെ ചുമതലയുള്ള പി.സി ചാക്കോ സഖ്യത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോള്‍ ‘പാര’വയ്ക്കാന്‍ എ.കെ. ആന്റണിയുടെ സഹായമാണ് ഷീല ദീക്ഷിതിന് ലഭിച്ചിരുന്നത്. അതിന്റെ പരിണിത ഫലമായിരുന്നു ബി.ജെ.പിയുടെ സമ്പൂര്‍ണ്ണ വിജയം.
ഇവിടെ ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ്സും യോജിച്ചിരുന്നു എങ്കില്‍, ഒരുപക്ഷെ ചിത്രം തന്നെ മാറുമായിരുന്നു.ബി.ജെ.പി വിജയിച്ചാലും വേണ്ടില്ല, കെജരിവാളിന്റെ പാര്‍ട്ടി തോല്‍ക്കണമെന്ന വികാരമാണ് ഷീല ദീക്ഷിതിനെ നയിച്ചിരുന്നത്.
അരവിന്ദ് കെജരിവാളിനോട് ദയനീയമായി പരാജയപ്പെടേണ്ടി വന്നതിലെ പകയാണ് അവരെ ഈ തീരുമാനത്തിലെത്തിച്ചത്. എ കെ ആന്റണിയും സോണിയ ഗാന്ധിയും പിന്തുണച്ചതോടെ ഷീലയുടെ താല്‍പ്പര്യമാണ് ലോകസഭ തിരഞ്ഞെടുപ്പില്‍ നടപ്പായിരുന്നത്.
ശക്തമായ ത്രികോണ മത്സരം ഡല്‍ഹിയില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ എളുപ്പമാക്കുകയാണുണ്ടായത്. അതാണ് മുഴുവന്‍ സീറ്റും തൂത്തുവാരാന്‍ കാവിപ്പടക്ക് സഹായകരമായിരുന്നത്.
കോണ്‍ഗ്രസ്സിന്റെ അടിത്തറയാണ് ഡല്‍ഹിയില്‍ തകര്‍ന്ന് തരിപ്പണമായിരിക്കുന്നത്.
ഈ യാഥാര്‍ത്ഥ്യം അറിയുന്നതു കൊണ്ടാണ് വിചിത്ര വാദവുമായി കോണ്‍ഗ്രസ്സ് നേതാക്കളിപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ പങ്ക് അവകാശപ്പെടാനുള്ള നാണം കെട്ട തന്ത്രമാണിത്.
കെജരിവാള്‍ വിജയിച്ചാല്‍, അത് വികസനത്തിന്റെ വിജയമാണ് എന്ന് പറയുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍, തങ്ങളുടെ കാലത്തേക്ക് ഒന്നു തിരിഞ്ഞ് നോക്കുന്നതും നല്ലതാണ്.
സ്വന്തം കാര്യം കോണ്‍ഗ്രസ്സ് നോക്കിയപ്പോള്‍ ജനങ്ങളുടെ കാര്യമാണ് കെജരിവാള്‍ നോക്കിയിരുന്നത്. അതിനുള്ള പ്രതിഫലമാണ് ഈ ജനകീയ പിന്തുണ.
വോട്ടെണ്ണുന്നതിന് മുന്‍പ് പുറത്ത് വന്ന ഒറ്റ അഭിപ്രായ സര്‍വേകളില്‍ പോലും കെജരിവാളിന് പരാജയം പ്രവചിച്ചിരുന്നില്ല. സംഘപരിവാര്‍ അനുകൂല മാധ്യമങ്ങള്‍ക്ക് പോലും ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം മുന്‍കൂട്ടിത്തന്നെ തുറന്ന് പറയേണ്ടി വന്നിട്ടുണ്ട്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70 ല്‍ 67 ഉം നേടിയ ആം ആദ്മി പാര്‍ട്ടിക്ക് അത്ര സീറ്റ് ഇത്തവണ കിട്ടിയില്ലങ്കില്‍ പോലും അതൊരു ക്ഷീണമാകില്ല. കാരണം രാജ്യ തലസ്ഥാനത്ത് നടന്നത് വര്‍ഗ്ഗീയതയും വികസനവും തമ്മിലുള്ള പോരാട്ടമാണ്.
ഷഹീന്‍ ബാഗ് സമരം മുന്‍നിര്‍ത്തി സാമുദായിക ധ്രുവീകരണത്തിനാണ് ഇവിടെ സംഘപരിവാര്‍ ശ്രമിച്ചത്. പ്രധാനമന്ത്രി മുതല്‍ സകല കേന്ദ്ര മന്ത്രിമാരും നേരിട്ടിറങ്ങിയാണ് പ്രചരണം നടത്തിയത്. വര്‍ഗ്ഗീയ വിദ്വേഷ പ്രസംഗം നടത്തിയതിന്, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവരെ, വിലക്കേണ്ട സാഹചര്യം വരെ തിരഞ്ഞെടുപ്പ് കമ്മിഷനുമുണ്ടായി. വോട്ടിങ്ങ് ശതമാനം പുറത്ത് വിടാന്‍ പോലും തെരഞ്ഞെടുപ്പ് കമ്മിഷനെ കെജരിവാളിന് തന്നെ വിമര്‍ശിക്കേണ്ടിയും വന്നിരുന്നു. ബാലറ്റ് പെട്ടികള്‍ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ കാവലിരിക്കേണ്ട അസാധാരണ സാഹചര്യവുമുണ്ടായി. ഇത്തരത്തില്‍ വെല്ലുവിളികള്‍ ഏറെയാണ് കെജരിവാളിനും സംഘത്തിനും നേരിടേണ്ടി വന്നിരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ ആം ആദ്മി നേടുന്ന ഓരോ സീറ്റുകള്‍ക്കും പകിട്ട് കൂടുതലാണ്. കറകളഞ്ഞ വോട്ടുകളാണത് എന്ന് തന്നെ നിസംശയം വിലയിരുത്താവുന്നതാണ്.
അണിയറയില്‍ അട്ടിമറി നടന്നില്ലങ്കില്‍ കെജരിവാള്‍ തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. ഇക്കാര്യത്തില്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും മറിച്ചൊരഭിപ്രായമില്ല.
പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം നടപ്പാക്കാനുള്ളതാണ് എന്ന് തെളിയിച്ച സര്‍ക്കാറാണ് കെജരിവാളിന്റേത്.
സൗജന്യ വൈദ്യുതി, സൗജന്യ ജലം, സൗജന്യ വൈദ്യസഹായം, സ്ത്രീ സുരക്ഷ, സ്ത്രീകള്‍ക്കുള്ള യാത്രാ സൗജന്യം, മികച്ച വിദ്യാഭ്യാസം തുടങ്ങിയവ ഇതില്‍ ചിലതാണ്. അഴിമതി അവസാനിപ്പിച്ചതും സര്‍ക്കാര്‍ സേവനം വീടുകളില്‍ വരെ എത്തിച്ചതും മറ്റൊരു പ്രധാന നേട്ടമാണ്. ചേരിയിലെ കുട്ടികള്‍ക്കായി ഇന്റര്‍നാഷണല്‍ സ്‌കൂളിനെ വെല്ലുന്ന ഹൈടെക് സ്‌കൂളുകളാണ് കെജരിവാള്‍ സര്‍ക്കാര്‍ സ്ഥാപിച്ചിരിക്കുന്നത്.
അടിസ്ഥാനപരമായി ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും അനവധി വര്‍ഷം കോണ്‍ഗ്രസ്സ് ഭരിച്ചിട്ടും ഡല്‍ഹിയില്‍ നടപ്പാക്കിയിട്ടില്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും ഇക്കാര്യത്തില്‍ പിന്നോട്ടാണ്. ഡല്‍ഹി മുന്‍പ് ഭരിച്ചപ്പോള്‍ ബി.ജെ.പിക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല.
വികസനം വോട്ടാകുമെന്ന് പേടിച്ചിട്ടാണ് ഷഹിന്‍ ബാഗ് ഉയര്‍ത്തി വര്‍ഗീയ ധ്രുവീകരണത്തിന് സംഘപരിവാര്‍ ശ്രമിച്ചിരിക്കുന്നത്. മനുഷ്യന്റെ വികാരങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ പോരാട്ടത്തില്‍ കെജരിവാള്‍ ജയിക്കേണ്ടത് മതനിരപേക്ഷതക്ക് കൂടി അനിവാര്യമായിരുന്നു.
മോദിയുടെ മൂക്കിന് കീഴില്‍ വീണ്ടും വലിയ വെല്ലുവിളിയായി കെജരിവാള്‍ അധികാരത്തില്‍ വരുന്നത് പ്രതിപക്ഷ ചേരിയെയാണ് ശക്തിപ്പെടുത്തുക.
Political Reporter