തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. വികസന കാര്യത്തില്‍ പ്രതിപക്ഷം പുറംതിരിഞ്ഞുനില്‍ക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ സംസ്ഥാന വ്യാപകമായി എന്‍സിപി പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇഴഞ്ഞു നീങ്ങുന്ന കേരളത്തിലെ യാത്രാ സംവിധാനത്തിനുള്ള ശാശ്വത പരിഹാരമാണ് കെ റെയിലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫിന്റെ എതിര്‍പ്പ് കേവലം രാഷ്ട്രീയം മാത്രമാണ്. മതമൗലികവാദികളും കോണ്‍ഗ്രസ്സും ബിജെപിയും ഒത്തുചേര്‍ന്നാണ് കേരളത്തില്‍ സമരം നടത്തുന്നത്. ഹൈ സ്പീഡ് റെയിലിനെ മുന്‍പ് അനുകൂലിച്ചവരാണ് ഇന്ന് എതിര്‍ക്കുന്നത്. സാമൂഹികാഘാത പഠനത്തിന് പ്രതിപക്ഷം പ്രതിബന്ധം സൃഷ്ടിക്കുന്നു.
സംസ്ഥാനത്ത് എന്‍സിപി ഒറ്റക്കെട്ടാണ്. പാര്‍ട്ടി പിളരുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സംസ്ഥാന ട്രഷററുടെ വ്യക്തിപരമായ കാരണങ്ങളാലാണ്. ഒട്ടേറെ ഭാരവാഹിത്വമുള്ള ആള്‍ ഒരു ഭാരം ഇറക്കിവെച്ചുവെന്ന് മാത്രമാണ് അതിനര്‍ത്ഥം. വ്യക്തിപരമായ കാരണങ്ങളാല്‍ ആര് രാജി വെച്ചാലും അത് സ്വീകരിക്കുമെന്നും പിസി ചാക്കോ വ്യക്തമാക്കി.
ബിനോയ് വിശ്വത്തിന്റെ പ്രസ്താവന ദേശീയ രാഷ്ട്രീയം ശരിക്കും പഠിച്ചിട്ടാണെന്ന് കരുതുന്നില്ല. പഴയ കോണ്‍ഗ്രസിന്റെ സങ്കല്‍പം മനസ്സിലുള്ളത് കൊണ്ടാകാം ബിനോയ് വിശ്വം ഇങ്ങനെ പറഞ്ഞത്. നിലവില്‍ ഏതാനും സംസ്ഥാനങ്ങളിലേക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് എങ്ങനെയാണ് ദേശീയ നേതൃത്വം കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു.