PC George-highcourt

pc george

കൊച്ചി: പൂഞ്ഞാര്‍ എം.എല്‍.എ ആയിരുന്ന പി.സി. ജോര്‍ജിനെ കൂറുമാറ്റ നിരോധന നിയമ പ്രകാരം നിയമസഭാ സ്പീക്കര്‍ എന്‍.ശക്തന്‍ അയോഗ്യനാക്കിയത് ഹൈക്കോടതി റദ്ദാക്കി. അയോഗ്യനാക്കിയ നടപടി സ്പീക്കര്‍ക്ക് നിയമാനുസൃതം പുന:പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

കൂറുമാറ്റ നിരോധന നിയമ പ്രകാരം ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) നേതാവും സര്‍ക്കാര്‍ ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞ ജൂലായ് 21 ന് നല്‍കിയ പരാതിയിന്മേലായിരുന്നു ജോര്‍ജിനെതിരെ നടപടിയെടുത്തത്. എന്നാല്‍, അയോഗ്യനാക്കപ്പെട്ടതിന്റെ തലേദിവസം ജോര്‍ജ് രാജിവച്ചു. അയോഗ്യനാക്കിയതിനെതിരെ ജോര്‍ജ് നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ജോര്‍ജിന്റെ വാദം കേള്‍ക്കാതെയാണ് സ്പീക്കര്‍ നടപടി എടുത്തത്. അയോഗ്യനാക്കുന്നതിന് മുന്പ് ജോര്‍ജ് രാജിവച്ച് കാര്യം സ്പീക്കര്‍ കണക്കിലെടുത്തില്ല. ഇത് വീഴ്ചയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം ജൂണ്‍ മൂന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആയിരുന്നു ജോര്‍ജിന് അയോഗ്യത കല്‍പിച്ചത്. അതേസമയം, ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ മത്‌സരിക്കാന്‍ ഈ അയോഗ്യത തടസമായിരുന്നില്ല.

Top