PC george hits man job lost

തിരുവനന്തപുരം: പി സി ജോര്‍ജ്ജ് മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ യുവാവിന്റെ പണിയും പോയി.

എം എല്‍ എ ഹോസ്റ്റലിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് സ്വദേശി മനു (22) ന് മര്‍ദ്ദനമേറ്റതായ വാര്‍ത്ത ഏറെ വിവാദമുയര്‍ത്തിയിരുന്നു.കഴിഞ്ഞ മാസം 27നായിരുന്നു സംഭവം.

ഫോണില്‍ ആവശ്യപ്പെട്ട പ്രകാരം പി സി ജോര്‍ജിന്റെ മുറിയില്‍ ഭക്ഷണമെത്തിക്കാന്‍ 20 മിനിറ്റോളം വൈകിയതിനായിരുന്നു ആക്രമണമെന്നാണ് യുവാവ് പറയുന്നത്.

ഭക്ഷണവുമായി ചെന്നപ്പോള്‍ ചീത്ത വിളിക്കുകയും മുഖത്ത് അടിക്കുകയും ചെയ്യുകയായിരുന്നുവത്രെ.

ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സ തേടിയ യുവാവിന്റെ പരാതിയില്‍ പി സി ജോര്‍ജിനും സഹായിക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

ഇതിനു ശേഷം ഇന്നുവരെ മനുവിനെ കാന്റിനിലേക്ക് ജോലിക്ക് വിളിച്ചിട്ടില്ല.

പുതിയ കുടുംബശ്രീ യൂണിറ്റിനു കീഴില്‍ ജോലിക്ക് ഹാജരായ ദിവസം തന്നെയാണ് തനിക്ക് മര്‍ദ്ദനമേറ്റതെന്ന് മനു പറയുന്നു.

കഴിഞ്ഞ നവംബര്‍ വരെ രണ്ട് വര്‍ഷത്തോളം തുടര്‍ച്ചയായി ഇതേ കാന്റീനില്‍ മറ്റ് രണ്ട് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കീഴില്‍ ജോലി ചെയ്തിരുന്ന തനിക്ക് ഒരു അപകടത്തിനെ തുടര്‍ന്നാണ് പിന്നീട് മാസങ്ങളോളം മാറി നില്‍ക്കേണ്ടി വന്നിരുന്നത്.

ജില്ലാ മിഷനാണ് തന്നെ തിരഞ്ഞെടുത്ത് അയച്ചതെങ്കിലും എത്ര കാലം തുടരണമെന്നത് തീരുമാനിക്കേണ്ടത് കുടുംബശ്രീ കാന്റീന്‍ അധികൃതര്‍ തന്നെയാണെന്നും മനു വ്യക്തമാക്കി.

നിയമസഭ നടക്കുന്നതിനാല്‍ ആദ്യം 15 ദിവസവും പിന്നീട് ഒഴിവിനുസരിച്ച് തുടരാമെന്നുമായിരുന്നു വാഗ്ദാനം.
മുന്‍പും ഇതുപോലെ വിളിച്ചിരുന്നതിനാല്‍ ജോലി പോകില്ലന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ കാന്റീന്‍ അധികൃതര്‍ തന്നെ മന: പൂര്‍വ്വം അവഗണിക്കുകയാണെന്നും യുവാവ് പറയുന്നു.

Top