എറണാകുളം: പാര്‍ട്ടി രൂപീകരണത്തിനു മുമ്പുതന്നെ പ്രത്യക്ഷ സമരപരിപാടികളുമായി പിസി ജോര്‍ജിന്റെ ജനപക്ഷ പാര്‍ട്ടി. നോട്ട് നിരോധിച്ച് രണ്ടു മാസം പിന്നിട്ടിട്ടും ബുദ്ധിമുട്ടുകള്‍ അവസാനിക്കാത്തതില്‍ പ്രതിഷേധിച്ച് പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ എറണാകുളത്ത് ട്രെയിന്‍ തടഞ്ഞാണ് സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
ഡല്‍ഹി തിരുവനന്തപുരം കേരളാ എക്‌സ്പ്രസാണ് പി സി ജോര്‍ജിന്റെ നേതൃത്യത്തില്‍ തടഞ്ഞത്.
കറന്‍സി ആന്തോളന്‍ എന്ന പേരിലായിരുന്നു സമരം. കറന്‍സി നിരോധനം മൂലം കച്ചവടം നഷ്ടപ്പെട്ട വ്യാപാരി സമൂഹത്തിന് ഉചിതമായ സമാശ്വാസം നല്‍കണമെന്ന് പിസി ജോര്‍ജ് എംഎല്‍എ ആവശ്യപ്പെട്ടു. അശാസ്ത്രീയവും അപക്വവുമായ നടപടിയാണ് കേന്ദ്രത്തിന്റെതെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി.
കേരളാ കോണ്‍ഗ്രസ്സിന്റെ ശക്തി പ്രദേശങ്ങളായ കോട്ടയം, ഇടുക്കി,പത്തനംതിട്ട ജില്ലകളിലെ പ്രവര്‍ത്തകര്‍ സംഘടനാശക്തി വിളിച്ചോതുന്ന രീതിയില്‍ കൂട്ടം കൂട്ടമായി ട്രെയിന്‍ തടയല്‍ സമരത്തില്‍ ആവേശപൂര്‍വ്വം പങ്കെടുത്തു. പിസി ജോര്‍ജിന്റെ ചിത്രം ആലേഖനം ചെയ്ത മഞ്ഞ ടി ഷര്‍ട്ട് ധരിച്ചും മുദ്രാവാക്യങ്ങള്‍ വിളിച്ചുമാണ് യുവജനങ്ങള്‍ സമരത്തിലേക്കെത്തിയത്.
ജനപക്ഷ പാര്‍ട്ടി രൂപീകരണത്തിനുമുമ്പ് തന്നെ മികച്ച രീതിയില്‍ സമരം നടത്താന്‍ സാധിച്ചത് പാര്‍ട്ടി പ്രവര്‍ത്തകരെയും പി സി ജോര്‍ജിനെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്.