pc george – km mani

പാലാ: നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലാ, പൂഞ്ഞാര്‍ മണ്ഡലങ്ങളില്‍ രഹസ്യധാരണയുണ്ടെന്ന ആരോപണത്തെ ശക്തമായി എതിര്‍ത്ത് കെ എം മാണിയും പി സി ജോര്‍ജും രംഗത്തെത്തി.

ജോര്‍ജിന്റെ സഹായമില്ലാതെയാണ് ഇത്രയുംനാള്‍ ജയിച്ചതെന്ന് കെ.എം.മാണി വ്യക്തമാക്കിയപ്പോള്‍ പി.സി.തോമസിനെ പാലായില്‍ നിന്നൊഴിവാക്കാന്‍ നടത്തിയ ധാരണയാണ് പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം.

കടുത്ത ശത്രുതയ്ക്കിടെയാണ് മാണിയും ജോര്‍ജും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന ആക്ഷേപം ഉയര്‍ന്നത്. ബാര്‍ കോഴ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് ശേഷം ആദ്യമായി നേരിടുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ സ്വന്തം നില ഭദ്രമാക്കാനാണ് കെ.എം.മാണി ജോര്‍ജുമായി ധാരണയുണ്ടാക്കിയെന്നാണ് ആക്ഷേപം.

ഇതിനു കാരണം പഴയ പൂഞ്ഞാര്‍ മണ്ഡലത്തിലുള്ള ജോര്‍ജിന് സ്വാധീനമുള്ള ആറു പഞ്ചായത്തുകളാണ് പാലായിലുള്ളത് എന്നതാണ്. തലനാട്, മൂന്നിലവ്, മേലുകാവ്, തലപ്പലം ഭരണങ്ങാനം, കടനാട് എന്നീ പഞ്ചായത്തുകളാണ് ഇവ.

ധാരണ പ്രകാരം ദുര്‍ബലനായ സ്ഥാനാര്‍ഥിയെ കേരളാ കോണ്‍ഗ്രസ് (എം) പൂഞ്ഞാറില്‍ നിര്‍ത്തിയെന്നും ഇതിനു പകരം ജോര്‍ജിന് സ്വാധീനമുള്ള പഞ്ചായത്തുകളില്‍ കെ.എം.മാണിക്കു വേണ്ടി വോട്ടുമറിക്കുമെന്നുമാണ് ആരോപണം.

തനിക്കെതിരായ പ്രതിപക്ഷത്തിന്റെ കുത്സിതശ്രമാണ് ഇതിനു പിന്നിലെന്നായിരുന്നു മാണിയുടെ പ്രതികരണം. അതേസമയം, മാണിയും പി.സി. തോമസും തമ്മിലാണ് ധാരണയെന്നായിരുന്നു ജോര്‍ജിന്റെ പ്രതികരണം. ഏതായാലും ആരോപണങ്ങളെ ഇരുകൂട്ടരും ശക്തമായി എതിര്‍ത്തതോടെ തിരഞ്ഞെടുപ്പില്‍ രണ്ടുമണ്ഡലങ്ങളിലെയും മല്‍സരത്തിന് ചൂട് കൂടി.

Top