ന്യൂഡൽഹി: വനിതാ, കമ്മിഷനെ ആശയക്കുഴപ്പത്തിലാക്കി പി.സി ജോർജും അഭിഭാഷകനും.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഢന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ച കേസില്‍ ദേശീയ വനിത കമ്മീഷന്‍ നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടും പി.സി ജോര്‍ജ് ഇതുവരെ നേരിട്ട് ഹാജരാവാന്‍ തയ്യാറായിട്ടില്ല. എന്ന് മാത്രമല്ല നിങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്തോളൂവെന്ന് പലതവണ ദേശീയ വനിത കമ്മീഷനെ വെല്ലുവിളിക്കുകയും ചെയ്തു.
ഏറ്റവു ഒടുവില്‍ പി.സി ജോര്‍ജിന്റെ അഭിഭാഷകന്‍ വനിത കമ്മീഷന്റെ മുന്നില്‍ ഹാജരാകാം എന്ന് പറഞ്ഞപ്പോള്‍ അത് പറ്റില്ല എന്ന് ദേശീയ വനിത കമ്മീഷന്‍ അറിയിക്കുകയും ചെയ്തു. അതിനുശേഷം അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളുമായി ദേശീയ വനിത കമ്മീഷന്‍ മുന്നോട്ട് പോവുകയാണ്.
എന്നാൽ ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഢന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അധിക്ഷേപിച്ചു എന്ന കേസില്‍ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ നേരത്തെതന്നെ കേരള പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ പ്രതിയാണ് പി.സി ജോര്‍ജ്. അങ്ങിനെ പ്രതിയായിട്ടുള്ള ഒരാള്‍ക്ക് വേറെ ഒരിടത്തും പോയി വിശദീകരണം കൊടുക്കേണ്ട കാര്യമില്ലന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20 സബ് ആര്‍ട്ടിക്കിള്‍ 3 യില്‍ വ്യക്തമാക്കുന്നുണ്ട് എന്നാണ് പി.സി ജോര്‍ജിന്റെ അഭിഭാഷകനായ അഡ്വ. അഡോള്‍ഫ് മാത്യു വ്യക്തമാക്കുന്നത്.
അദ്ദേഹത്തിന്റെ വാക്കുകള്‍
‘എന്റെ കക്ഷിയായ പി.സി ജോര്‍ജിനെതിരായി ദേശീയ വനിത കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്ന സമന്‍സ് ഭരണഘടനാ വിരുദ്ധമാണ്. കാരണം ഈ പരാതിയില്‍ പി.സി ജോര്‍ജിനെതിരായി കുറവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ ഒറു കേസ് റജിസ്റ്റര്‍ ചെയ്യുകയും അദ്ദേഹം ആ കേസില്‍ ഇപ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന ആളുമാണ്. മറ്റൊരു കേസില്‍ പ്രതിയായിട്ടുള്ള ഒരാള്‍ അല്ലങ്കില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്ന വ്യക്തി താന്‍ ചെയ്തു എന്ന് ആരോപിക്കുന്ന കുറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കണം എന്ന് ആവശ്യപ്പെടുവാന്‍ ഈ രാജ്യത്ത് ദേശീയ വനിത കമ്മീഷന്‍ എന്ന് മാത്രമല്ല ആര്‍ക്കും അധികാരമില്ലന്നാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20 സബ് ആര്‍ട്ടിക്കിള്‍ 3 യില്‍ പറയുന്നത്’.
‘ഭരണഘടനയുടെ ഈയൊരു സംരക്ഷണം ഒരു പ്രതിയെ തനിക്കെതിരായിട്ടുള്ള കാര്യങ്ങള്‍ പറയാനും വിശദീകരിക്കാനും നിര്‍ബന്ധിക്കാന്‍ പാടില്ല എന്ന് വ്യക്തമാക്കുന്നുമുണ്ട്. ഇക്കാര്യങ്ങള്‍ താന്‍ ദേശീയ വനിത കമ്മീഷനെ അറിയിക്കുകയുണ്ടായി. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയത് കൊണ്ടാവണം ഒരു പക്ഷെ ദേശീയ വനിത കമ്മീഷന്‍ അദ്ദേഹത്തിന്റെ അഭിഭാഷകനായ എന്നെപ്പോലും കാണാന്‍ വിസമ്മതിച്ചത് എന്ന് ഞാന്‍ കരുതുന്നു’.
‘ഇനി ദേശീയ വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിന്റെ ഈ മൗലികമായ അവകാശത്തെ നിഷേധിച്ച് കൊണ്ട് മുന്നോട്ട് പോയാല്‍ ഭരണഘടന കോടതികളെ അദ്ദേഹത്തിന്റെ മൗലികവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സമീക്കുമെന്നതിന് യാതൊരു തര്‍ക്കവുമില്ല’. അദ്ദേഹം വ്യക്തമാക്കുന്നു
ഇതൊക്കെ കൊണ്ടാണ് പി.സി ജോര്‍ജ് ധൈര്യമായി ദേശീയ വനിത കമ്മീഷനെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് തന്റെ അവകാശങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ കഴിയും എന്ന വിശ്വാസമുണ്ട്.
ദേശീയ വനിതാ കമ്മീഷന്‍ അദ്ദേഹത്തെ എന്ത് ഉമ്മാക്കി കാണിച്ച് പേടിപ്പിച്ചാലും അതിലൊന്നും താന്‍ പേടിച്ച് പോകില്ല എന്ന് പി.സി ജോര്‍ജ് വിശ്വസിക്കുന്നത് ഒരുപക്ഷെ അഡ്വ. അഡോള്‍ഫ് മാത്യു പറഞ്ഞ ഈ കാര്യങ്ങള്‍ കൊണ്ടാകും.
അതേ സമയം സിവില്‍ കോടതിക്കു തുല്യമായ അധികാരമുള്ളതിനാല്‍ ജോര്‍ജിനെതിരെ അറസ്റ്റ് വാറന്റടക്കം അടക്കമുള്ള നടപടിക്കു തുനിഞ്ഞേക്കുമെന്നാണ് കമ്മിഷന്‍ നല്‍കുന്ന സൂചന. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായി സംസാരിച്ചുവെന്നാണ് കേസ്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് പി.സി ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ കേസ് എടുക്കുന്നത്. 12 തവണ പീഡിപ്പിച്ചപ്പോള്‍ പരാതിയും വിഷമവുമില്ലാതിരുന്ന കന്യാസ്ത്രീയ്ക്ക് 13-ാമത്തെ തവണ പരാതി വന്നത് എങ്ങനെയാണെന്ന് മനസ്സിലാകുന്നില്ലന്നും ഇതില്‍ തനിക്ക് സംശയമുണ്ടെന്നുമായിരുന്നു പിസി ജോര്‍ജിന്റെ പ്രസ്താവന.
വിവാദ പ്രസ്താവനയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ ദേശീയ വനിതാ കമ്മീഷന്‍ പി.സി ജോര്‍ജിനോട് ആവശ്യപ്പെട്ടിരുന്നു.സെപ്റ്റംബര്‍ 20ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെടുന്ന കത്ത് കമ്മിഷന്‍ ജോര്‍ജിന് നല്‍കി. നേരിട്ട് എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടിവരുമെന്നും ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മ്മ അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ യാത്രാബത്ത നല്‍കിയില്ലെങ്കില്‍ താന്‍ വരില്ലെന്ന് അച്ചട്ടായി പറഞ്ഞു പി സി ജോര്‍ജ്ജ്. യാത്രാ ബത്ത നല്‍കിയാല്‍ ഡല്‍ഹിയില്‍ വരാമെന്നും അല്ലെങ്കില്‍ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നുമായിരുന്നു പി.സി. ജോര്‍ജിന്റെ പ്രതികരണം. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ എന്നാണ് അന്ന് ജോര്‍ജ് പ്രതികരിച്ചത്.