തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്നും പരമാവധി പെൻഷൻ 25,000 രൂപയായി നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പി.സി. ജോർജ് എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.
സംസ്ഥാന വരുമാനത്തിൻ്റെ 80 ശതമാനവും ചെലവഴിക്കുന്നത് 10 ലക്ഷത്തോലം മാത്രം വരുന്ന സർക്കാർ ജീവനക്കാർക്കായാണ്. റവന്യൂ വരുമാനത്തിൻ്റെ 24 ശതമാനവും പെൻഷൻ നൽകാനായി മാറ്റി വെക്കേണ്ട അവസ്ഥയുണ്ട്. പലയിടങ്ങളിൽ നിന്നായി കടം വാങ്ങിയ പണത്തിനു പലിശയായി റവന്യൂ വരുമാനത്തിൻ്റെ 18 ശതമാനം നൽകുന്നു. ബാക്കിയുള്ള പണത്തിൻ്റെ 42 ശതമാനവും സർക്കാർ ഉദ്യോഗസ്ഥർക്ക് സമ്പളമായി നൽകേണ്ട സ്ഥിതിയാണെന്നാണ് നിവേദനത്തിൽ പിസി ജോർജ് ചൂണ്ടിക്കാട്ടുന്നത്.
ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ, പൊലീസ്, ഫയർഫോഴ്സ്, ജയിൽ, എക്സൈസ് തുടങ്ങിയ വിഭാഗങ്ങൾക്ക് ശമ്പളം എത്ര വർധിപ്പിച്ചാലും തെറ്റില്ല. ഇതേക്കുറിച്ച് ഞാൻ പ്രസംഗിച്ചപ്പോൾ എന്റെ ശമ്പളവും പെൻഷനും ചൂണ്ടിക്കാട്ടി ചിലർ വിമർശിക്കുകയാണ്. എംഎൽഎക്ക് ശമ്പളമായി 50,000 രൂപയും ടിഎ ആയി 20,000 രൂപയുമാണ് ലഭിക്കുന്നത്. മന്ത്രിമാർക്ക് 90,000 രൂപയാണ് ശമ്പളം. മുൻ എംഎൽഎ വാങ്ങുന്ന കുറഞ്ഞ പെൻഷൻ 8,000 രൂപയാണ്. 52 വർഷം എംഎൽഎ ആയിരുന്നയാളുടെ ഭാര്യ വാങ്ങുന്നത് പരമാവധി പെൻഷനായി 50,000 രൂപയാണ്.
എന്നാൽ സഹകരണ വകുപ്പിലെ ഒരു അർബൻ ബാങ്കിൽ ഏഴാം ക്ലാസ് പാസാകാത്ത ആളുടെ ശമ്പളം 94,000 രൂപയാണ്. ചെറുകിട കച്ചവകടക്കാർ കച്ചവടം തകർന്ന് ആത്മഹത്യയുടെ വക്കിലാണെന്നും കത്തിൽ പി.സി. ജോർജ് ചൂണ്ടിക്കാട്ടി.
ശമ്പളം നിജപ്പെടുത്തണമെന്നും ശമ്പള പരിഷ്കരണ കമ്മിഷനെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുള്ള പി.സി. ജോർജിന്റെ പ്രസംഗം വിവാദമായിരിക്കെയാണ് ഇതേ ആവശ്യം ആവർത്തിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കു കത്തു നൽകിയത്.